കൊച്ചി: ഫ്ലിപ്കാ‌ർട്ടിൽ നിന്ന് ഓർഡർ ചെയ്ത സി.പി.യുവിന് പകരം കിട്ടിയത് ഇഷ്ടികയും ഇലക്ട്രോണിക്സ് മാലിന്യങ്ങളും. വരാപ്പുഴ തുണ്ടത്തുംകടവ് പാടൻ വീട്ടിൽ സാംസൺ ആന്റണിക്കാണ് സി.പി.യുവിന് പകരം ഇഷ്ടികയും മാലിന്യങ്ങളും ലഭിച്ചത്. ജൂലായ് ആറിനാണ് സാംസൺ 14,000 രൂപയുടെ സെബ്രോണിക് കമ്പനിയുടെ സി.പി.യു വാങ്ങിയത്. ഗുണമേന്മയില്ലാത്തതിനാൽ അന്ന് തന്നെ സി.പി.യു തിരിച്ചയച്ചു. പകരമാണ് പുതിയ സി.പി.യു ഇന്നലെ രാവിലെ എത്തിയത്. സംഭവത്തിൽ സാംസൺ ഫ്ലിപ്കാ‌ർട്ടിന് പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ ഒരു നടപടിയും ഫ്ലിപ്കാർട്ടിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് സാംസൺ പറഞ്ഞു.