photo
നായരമ്പലം ഉദയ കാർപ്പറ്റ് റോഡ് തകർന്നടിഞ്ഞ നിലയിൽ

വൈപ്പിൻ: നായരമ്പലം എട്ടാം വാർഡിൽ തകർന്നുകിടക്കുന്ന ഉദയ കാർപ്പറ്റ് റോഡിൽ അപകടങ്ങൾ പതിവാകുന്നു. റോഡും കാനയുമായുള്ള ഉയര വ്യത്യാസവും റോഡിലെ കുണ്ടും കുഴിയും വെള്ളക്കെട്ടും കാരണം വയോധികരും സ്‌കൂൾ കുട്ടികളും അടക്കം അഞ്ച് പേർക്ക് അപകടം സംഭവിച്ചു. പലരുടേയും കൈ ഒടിയുകയും തട്ടിവീണ് നട്ടെല്ലിന് പരിക്കേൽക്കുകയും കണ്ണിന്റെ പുരികത്തിനും മുഖത്തിനുമൊക്കെ മുറിവുകൾ ഉണ്ടാകുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയിൽ റോഡും സ്ലാബുമായിട്ടുള്ള ഉയരവ്യത്യാസത്തിൽ തട്ടി സമീപവാസിയായ വീട്ടമ്മക്ക് കാലിൽ രണ്ട് ഒടിവ് സംഭവിച്ചു. ആസ്റ്റർ മെഡിസിറ്റിയിൽ സർജറിക്ക് വിധേയമാവുകയും മൂന്ന് ലക്ഷത്തിൽപരം രൂപ ചികിത്സയ്ക്ക് ചെലവാകുകയും ചെയ്തു. ജനങ്ങൾക്ക് ഭീഷണിയായ റോഡിന്റെ ദുരവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് സി.എസ്.എസ്. നായരമ്പലം ലോക്കൽ കമ്മിറ്റി പ്രവർത്തക യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മരിയദാസ് ചിങ്ങന്തറ അദ്ധ്യക്ഷനായി. ആന്റണി, ജോസഫ് ചുള്ളിക്കൽ, ജെയിംസ് കുറുപ്പശേരി, ജോളി, മൈക്കിൾ, റോയി വർഗീസ് എന്നിവർ സംസാരിച്ചു.