ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്ത് ആറാം വാർഡിലെ ഒ.ഇ.എൻ ഞാറത്തടം തനത് കുടിവെള്ള പദ്ധതി റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് അട്ടിമറിച്ചതായി പരാതി. അട്ടിമറിക്ക് കൂട്ടുനിന്ന വാർഡ് മെമ്പർക്കെതിരെ ഗുണഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. സമിതി അറിയാതെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ റിയൽ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കുന്ന തരത്തിൽ പദ്ധതിയെ മാറ്റിയെന്നാണ് ആരോപണം. പദ്ധതിയുടെ സമീപത്തുള്ള ഒരേക്കറിലെ പ്ലോട്ടുകൾ ആയി തിരിച്ച ഭൂമിയിലേക്ക് പൈപ്പിൽ കുടിവെള്ള കണക്ഷൻ എത്തിച്ച് എൻഡ് ക്യാപ്പിട്ട് നൽകുകയായിരുന്നു. നിർമ്മാണം പൂർത്തീകരിച്ച് നമ്പർ ഇട്ട വീടുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് സമ്മതപത്രം ലഭിച്ചതിനുശേഷം മാത്രമാണ് കുടിവെള്ള കണക്ഷൻ കിട്ടുകയുള്ളൂ എന്ന നിയമം നിലനിൽക്കെയാണ് റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് വഴിവിട്ട സഹായം.
പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത പദ്ധതി
സമീപത്തെ സ്വകാര്യ കമ്പനിയിലെ ആസിഡ് കലർന്ന ജലം കുടിവെള്ള സ്രോതസിലേക്ക് പടർന്നതിനെ തുടർന്ന് പ്രദേശത്ത് ജനകീയ പ്രക്ഷോഭം നടന്നിരുന്നു. സ്വകാര്യ കമ്പനിയുടെ സമീപത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളുടെ നിരന്തരമായ പ്രക്ഷോഭത്തെ തുടർന്ന് കമ്പനി അവർക്ക് എട്ടുവർഷത്തോളം കുടിവെള്ളം ടാങ്കർ ലോറികളിൽ എത്തിച്ചു നൽകി. തുടർന്നാണ് കമ്പനിയും ഗ്രാമപഞ്ചായത്തും സംയുക്തമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണകാലത്ത് 'ഒഇഎൻ ഞാറത്തടം' എന്ന പേരിൽ കുടിവെള്ള പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്. തുടർന്ന് കമ്പനി 30 ലക്ഷം രൂപ നൽകി. ബാക്കി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നുമെടുത്താണ് പദ്ധതി പൂർത്തിയാക്കിയത്. 2024 ഫെബ്രുവരി 28ന് പദ്ധതി ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പ് ലൈൻ സ്ഥാപിച്ചതിന്റെയും മാസംതോറും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ചാർജ്ജും ഒരു കുടുംബത്തിന് 250 രൂപ വീതം ഗുണഭോക്തൃ സമിതിയാണ് അടക്കേണ്ടത്.
പദ്ധതിയുടെ ഗുണഭോക്തൃ സമിതി രൂപീകരിക്കുന്നതിന് മുമ്പ് പ്രദേശത്തുള്ള എല്ലാ വീടുകളിലേക്കും പൈപ്പ് സ്ഥാപിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് മാഫിയ കണക്ഷൻ എടുത്തത് അറിഞ്ഞിട്ടില്ല.
കെ.കെ സിജു
വാർഡ് മെമ്പർ.
റിയൽ എസ്റ്റേറ്റ് മാഫിയയെ വഴിവിട്ട് സഹായിക്കാൻ നഗ്നമായ നിയമലംഘനവും അഴിമതിയും നടത്തിയ വാർഡ് മെമ്പറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും
എൻ ആർ ജയകുമാർ
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്
ചോറ്റാനിക്കര