railway
ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി മാന്ത്രക്കൽ തുരങ്ക പാത വെള്ളക്കെട്ടിനെ തുടർന്ന് റെയിൽവേ അധികൃതർ ചങ്ങലയിട്ട് പൂട്ടിയ നിലയിൽ

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി മാന്ത്രക്കൽ തുരങ്ക പാത ജനങ്ങൾക്ക് ദുരിതപാതയായി തുടരുന്നു. മുൻകാലങ്ങളിൽ മഴക്കാലത്ത് മാത്രമാണ് തുരങ്കപാതയിൽ വെള്ളക്കെട്ടുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ മഴ മാറിയാലും വെള്ളക്കെട്ടൊഴിയുന്നില്ല.

തുരങ്കപാതയിൽ ഉറവ് വെള്ളം കെട്ടികിടക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ താത്കാലിക സംവിധാനമായി സ്ഥാപിച്ചിട്ടുള്ള മോട്ടോർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഇല്ലാത്തതാണ് നിലവിൽ പ്രതിസന്ധിയായിരിക്കുന്നത്. ഇതുവഴി പോകേണ്ട നൂറുകണക്കിന് ആളുകൾക്ക് കാൽനട യാത്ര മാത്രമല്ല, വാഹനം കൊണ്ടുപോകാനും പറ്റാത്ത അവസ്ഥയാണ്. നാട്ടുകാർ പ്രതിഷേധവുമായി എത്തിയപ്പോൾ റെയിൽവേ ജീവനക്കാരൻ തുരങ്കപാത ചങ്ങലയിട്ട് പൂട്ടി അടച്ചിരിക്കുകയാണ്.

അടുത്തിടെ നടത്തിയ അശാസ്ത്രീയ നിർമ്മാണമാണ് വിനയായത്. തുരപ്പിലെ മഴവെള്ള കാനയിലൂടെ സമീപത്തെ ജലസംഭരണിയിൽ ശേഖരിച്ച ശേഷം പൊതുകാനയിലൂടെ ഒഴുക്കി വിടുന്ന സംവിധാനമാണ് ഒരുക്കിയത്. ജലസംഭരണിയിൽ നിന്ന് ചെറിയ രീതിയിൽ വെള്ളം പോകുന്നതിനുള്ള സംവിധാനമാണ് നിലവിലുള്ളത്. അതിനേക്കാൾ ശക്തിയിലാണ് ജലസംഭരണിയിലേക്ക് വെള്ളമെത്തുന്നത്. ഈ സാഹചര്യത്തിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളയുകയാണ് ഏകപോംവഴി.

പഞ്ചായത്ത് അധികൃതരുമായി ആലോചിക്കാതെ റെയിൽവേ ഉദ്യോഗസ്ഥർ ഏകപക്ഷീയമായാണ് ഇവിടെ നിർമ്മാണം നടത്തിയത്. ദേശീയപാതയിൽ നിന്നും കുന്നത്തേരി, തായിക്കാട്ടുകര, എസ്.എൻ പുരം ഭാഗങ്ങളിലേക്ക് വാഹനങ്ങൾക്ക് എളുപ്പത്തിൽ പോകാവുന്ന വഴിയാണ് അടഞ്ഞുകിടക്കുന്നത്. നൂറുകണക്കിന് വിദ്യാർത്ഥികളും വലയുകയാണ്. ബെന്നി ബെഹനാൻ എം.പിയും അൻവർ സാദത്ത് എം.എൽ.എയുമെല്ലാം സ്ഥലം സന്ദർശിച്ച് പരിഹാരം നിർദ്ദേശിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. പഞ്ചായത്ത് അധികൃതർ എറണാകുളത്ത് റെയിൽവേ ഏരിയ ഓഫീസിലും പ്രതിഷേധവുമായി എത്തിയിരുന്നു.