കൊച്ചി: കൊച്ചിയിലെ റോഡുകളിൽ മാലിന്യം നിറയുകയാണെന്ന് ഹൈക്കോടതി. മാലിന്യം കൃത്യമായി നീക്കുന്നില്ല. നഗരത്തിന്റെ എല്ലാ മേഖലയിലും ഓരോ ദിവസവും മാലിന്യം കൂടിവരികയാണ്. ദയനീയ കാഴ്ചകൾ അധികൃതർക്ക് കാണാനാവുന്നില്ലെങ്കിൽ ഫോട്ടോയെടുത്ത് കാണിക്കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു. തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. പാതയോരങ്ങളിൽ പ്ലാസ്റ്റിക് നിറയുന്ന കാഴ്ച ലോകത്ത് ഒരിടത്തും കാണാനാവില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്നവരുടെ നാട്ടിൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് കാഴ്ചകളാണിത്. ഹെൽത്ത് ഇൻസ്‌പെക്ടർമാർ എവിടെയാണെന്നും കോടതി ചോദിച്ചു.
റോഡിൽ മാലിന്യം തള്ളുന്നവരെ ബോധവത്കരിക്കാൻ ഊർജിത കർമ്മപരിപാടികൾ ആവശ്യമാണ്. മാലിന്യനിർമ്മാർജനത്തിൽ നൂതന സാങ്കേതിക വിദ്യകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. സിംഗപ്പൂരിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച് ഊർജം ഉത്പാദിപ്പിക്കാനും റോഡ് നിർമ്മിക്കാനും ഉപയോഗിക്കുന്നു. എന്നാൽ ഈ പദ്ധതിക്ക് ചെലവേറെയാണെന്ന് സർക്കാർ ബോധിപ്പിച്ചു.