കൊച്ചി: ധാതുഖനനം നടത്തുന്നതിനായി ആഴക്കടലിന്റെ ഭാഗങ്ങൾ ലേലം ചെയ്തു നൽകുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിൽ എതിർപ്പറിയിച്ച് ഹൈബി ഈഡൻ എം.പി. ആഴക്കടൽ ധാതു ഖനനം ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതവും ഉപജീവന മാർഗ്ഗവും തകർക്കുമെന്നും കോർപ്പറേറ്റുകൾ ലാഭമുണ്ടാക്കുമെന്നും ഹൈബി ലോക്‌സഭയിൽ പറഞ്ഞു.

ധാതുക്കൾക്കായുള്ള ഖനനം മത്സ്യ സമ്പത്തും കടലിനുള്ളിലെ സസ്യങ്ങളുടെയും വിവിധയിനം കടൽ ജന്തുക്കളുടെയും നിലനിൽപ്പും ഇല്ലാതാക്കും. കടലിലെ ജൈവ വ്യവസ്ഥയെയും കേന്ദ്ര സർക്കാർ പദ്ധതി പ്രകാരമുള്ള ഈ ഖനനം തകർക്കുമെന്നും ഹൈബി ഈഡൻ എം പി കൂട്ടിച്ചേർത്തു.

സെർവിക്കൽ ക്യാൻസറിനെതിരായ വാക്‌സിനേഷൻ ഉൾപ്പെടെ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യം വരുന്ന തുക ബഡ്ജറ്റിൽ അനുവദിച്ചിട്ടില്ല. ജീവിത ശൈലി രോഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി റെഗുലർ ഹെൽത്ത് ചെക്ക് അപ്പുകൾക്കോ ആരോഗ്യ മേഖലയിലെ പ്രചാരണ പ്രവർത്തനങ്ങൾക്കോ ഒന്നും ബഡ്ജറ്റ് വഴി പണം അനുവദിക്കുന്നില്ലെന്നും എം.പി കുറ്റപ്പെടുത്തി.