കൊച്ചി: അരൂർ-തുറവൂർ മേഖലയിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 28 മുതൽ ഈ വർഷം മേയ് ഏഴുവരെ വാഹനാപകടത്തിൽ 20 മരണവും മൂന്ന് പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്‌തെന്ന ഹർജിയിലെ വെളിപ്പെടുത്തലിൽ സർക്കാരിനോടും ദേശീയപാത അതോറിട്ടിയോടും വിശദീകരണം തേടി ഹൈക്കോടതി. ബന്ധപ്പെട്ട പൊലീസ് ഓഫീസറോട് വിവരം തിരക്കി അറിയിക്കാനാണ് സർക്കാരിന് നിരദ്ദേശം നൽകിയിരിക്കുന്നത്. ഹർജിയിൽ പറയുന്ന അപകടങ്ങൾ അരൂർ-തുറവൂർ മേഖലയിലാണോ നടന്നതെന്ന് അറിയിക്കാനാണ് ദേശീയ പാത അതോറിട്ടിയോട് നിർദ്ദേശിച്ചിരിക്കുന്നത്. ആലപ്പുഴ എഴുപന്ന സ്വദേശി സി.ടി.ലിജിൻ നൽകിയ പൊതുതാല്പര്യ ഹർജിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മേൽപാതയുടെ നിർമ്മാണം നടക്കുന്നതിന്റെ ഇരുവശത്തും 5.5 മീറ്റർ വീതിയിൽ സഞ്ചാരയോഗ്യമായ റോഡ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും കാനകൾ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നല്കിയിരിക്കുന്നത്. മേൽപാതയുടെ നിർമ്മാണം നടക്കുന്നതിനാൽ ഈ മേഖലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന്റെ പശ്ചാത്തലത്തിലാണ് ഹർജി.