കൊച്ചി: കണ്ടയ്നർ റോഡിൽ ചേരാനെല്ലൂർ സിഗ്നലിന് സമീപം കണ്ടെയ്നർ ലോറിയിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. തമിഴ്നാട് സേലം വില്ലുപുരം സ്വദേശി മുരുകനാണ് (54) മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. സംഭവത്തിൽ കണ്ടെയ്നർ ലോറി ഡ്രൈവർ ചിറ്റൂർഫെറി കോളരിക്കൽ റോഡിൽ താമസിക്കുന്ന അക്ഷയ് സന്തോഷിനെതിരെ (24) ചേരാനെല്ലൂർ പൊലീസ് കേസെടുത്തു. കണ്ടെയ്നർ ലോറിയും കസ്റ്റഡിയിൽ എടുത്തു. കളമശേരി ഭാഗത്ത് നിന്നും ഇടപ്പള്ളിയിലേക്ക് ഫ്രീ ലെഫ്റ്റ് ഉണ്ടായിരുന്നിട്ടും ജംഗ്ഷനിൽ നിന്ന് വണ്ടി തിരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ മുരുകനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും ഇന്ന് നടക്കും. മരണവിവരം ബന്ധുക്കളെ അറിയിച്ചതായും ഇവർ ഇന്ന് ആശുപത്രിയിൽ എത്തുമെന്നും പൊലീസ് പറഞ്ഞു.