വാഴക്കുളം: തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ വാഴക്കുളം ടൗണിൽ ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ലോറികളും ഇരുചക്രവാഹനങ്ങളും അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിച്ചു. ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് വില്പനശാലയിൽ പോകുന്നവർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. ഇരുചക്ര വാഹനയാത്രക്കാർ അലക്ഷ്യമായി വാഹനം എടുത്തുകൊണ്ട് പോകുന്നതും അപകടത്തിന് കാരണമാണ്. ഏതാനും നാളുകൾക്ക് മുമ്പ് ഈ മേഖലയിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. വഴിയരികിലെ മൂത്രവിസർജനവും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും നാട്ടുകാർ പറഞ്ഞു.