വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി നിവാസി നടുവത്തൂർ വീട്ടിൽ പത്തു വയസുള്ള വൈഗക്ക് കിടപ്പാടം ഒരുക്കാൻ നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്ത്. കുട്ടിക്ക് 3വയസുള്ളപ്പോൾ അമ്മ ശരണ്യ വാഹനാപകടത്തിൽ മരണമടഞ്ഞു. കൂട്ടിനുണ്ടായിരുന്ന അച്ഛൻ ഷൈജുവാകട്ടെ 3വർഷം മുമ്പ് കൊവിഡ് ബാധിച്ചും മരിച്ചു. ഇതോടെ അനാഥയായ വൈഗ വൃദ്ധരായ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. ഇവർക്ക് സ്വന്തമായി വീടില്ല. ലൈഫ് വഴി ലഭിച്ചതും ഇടക്ക് പണി നിലച്ചതുമായ വീടിന്റെ ഇനിയുള്ള പണി പൂർത്തീകരിക്കേണ്ടതുണ്ട്. നിലവിൽ ബാങ്ക് വായ്പ കുടിശികയായി കിടക്കുകയാണ്.

ഈ ദുരവസ്ഥ അറിഞ്ഞതോടെ വീട് പണി പൂർത്തീകരിക്കാനും ബാദ്ധ്യതകൾ തീർക്കാനും ആറാം ക്ലാസുകാരിയായ വൈഗ പഠിക്കുന്ന എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ പി.ടി.എ കമ്മിറ്റി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. മുത്തശ്ശി റീത്ത, പി.ടി.എ പ്രസിഡന്റ് അബ്ദുൾ റസാഖ് എന്നിവരുടെ ജോ. അക്കൗണ്ട് എടവനക്കാട് ഫെഡറൽ ബാങ്ക് ശാഖയിൽ തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 10070100195966, IFSC - FDRL 0001007. സുമനസുകളിൽ നിന്ന് പത്ത് ലക്ഷം രൂപ സമാഹരിക്കാനാണ് പി.ടി.എ ലക്ഷ്യമിടുന്നത്.