ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന 170 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. അഞ്ഞൂറോളം കേന്ദ്രങ്ങളിൽ ഇന്ന് പീതപതാകകൾ ഉയരും.

യൂണിയൻ പരിധിയിലെ 61 ശാഖകളിലും എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും 360 കുടുംബയൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തും. യൂണിയൻ ആസ്ഥാനത്ത് രാവിലെ എട്ടിന് പ്രസിഡന്റ് വി. സന്തോഷ് ബാബു പതാക ഉയർത്തും. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, ടി.എസ്. അരുൺ, കൗൺസിലർമാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

ജയന്തി ആഘോഷ പരിപാടികൾ

ആഗസ്റ്റ് നാലിന് നഗരത്തിൽ ഇരുചക്ര വിളംബര റാലി നടക്കും. അദ്വൈതാശ്രമത്തിൽ രാവിലെ ഒമ്പതിന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.

ആഗസ്റ്റ് 11ന് നഗരത്തിൽ ദിവ്യജ്യോതി റിലേ നടക്കും. ജ്യോതി റിലേ യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.

യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ക്യാപ്റ്റനായ ദിവ്യജ്യോതി പ്രയാണം ആഗസ്റ്റ് 12 മുതൽ 15 വരെ വിവിധ ശാഖകളിൽ പര്യടനം നടത്തും.

ജയന്തി മഹാഘോഷയാത്ര ആഗസ്റ്റ് 20ന് വൈകിട്ട് മൂന്നിന് ആലുവ അദ്വൈതാശ്രമത്തിൽ നിന്നാരംഭിക്കും. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 25ന് രാവിലെ പത്തിന് ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ ജയന്തി മഹോത്സവ പരിപാടികളുടെ സമാപനവും അനുമോദന സമ്മേളനവും നടക്കും.