കൊച്ചി: അഭിമന്യു വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആഗസ്റ്റ് 16ന് വിചാരണനടപടികൾ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നാല് നമ്പറുകളിലായുള്ള കേസുകളും ഒരുമിച്ചാക്കിയാകും വാദം. പ്രതികളായ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായത് വിവിധ ഘട്ടങ്ങളിലായതിനാലാണ് പല കേസ് നമ്പറുകൾ വന്നത്.
അതേസമയം കുറ്റപത്രം അപൂർണമെന്നാരോപിച്ച് പ്രതിഭാഗം സമർപ്പിച്ച ഹർജിയിൽ കോടതി ആഗസ്റ്റ് 5ന് വിധിപറയും.
മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യു 2018 ജൂലായ് രണ്ടിനാണ് കൊല്ലപ്പെട്ടത്. വിചാരണനടപടികൾ കഴിഞ്ഞവർഷം അവസാനം ആരംഭിക്കാനിരുന്നപ്പോഴാണ് കേസിലെ കുറ്റപത്രമടക്കം സുപ്രധാനരേഖകൾ കോടതിയിൽ നിന്ന് നഷ്ടപ്പെട്ടെന്ന് വ്യക്തമായത്. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം, പ്രോസിക്യൂഷന്റെ നേതൃത്വത്തിൽ പുനർസൃഷ്ടിച്ച രേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. ഇത് പൂർണമല്ലെന്നാണ് പ്രതികളുടെ വാദം.