srilanka

മാലിന്യനിർമ്മാർജന വിഷയത്തിൽ കേരളം അയലത്തെ കൊച്ചുരാജ്യമായ ശ്രീലങ്കയെ കണ്ടുപഠിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം 'കടുപ്പിച്ച്"ഓർമ്മിപ്പിച്ചതോടെ വാർത്താ താരമാവുകയാണ്,​ പുരാണത്തിലെ 'രാവണരാജ്യം!"വർഷംതോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെയടക്കം രാക്ഷസക്കോട്ടകൾ രൂപംകൊള്ളേണ്ടതാണെങ്കിലും ഒന്നുമില്ല!

കണ്ണടയ്ക്കാതെ, മൂക്കുപൊത്താതെ എവിടെയും യാത്രചെയ്യാം. ധൈര്യമായി ഭക്ഷണം കഴിക്കാം. എലികളും കാക്കകളും മേയുന്ന മാലിന്യക്കൂനകൾ ഏറെയുള്ള കേരളത്തിനുള്ള നല്ല പാഠമാണ് ശ്രീലങ്കയെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചതിൽ കാര്യങ്ങളേറെയുണ്ട്. സാമ്പത്തികശേഷിയിൽ പിന്നിലാണെങ്കിലും പ്രായോഗികബുദ്ധിയിൽ ഏറെ മുന്നിലാണ് 'ശ്രീ"യുള്ള ഈ രാജ്യം. കഴിഞ്ഞമാസം ഇന്ത്യക്കാരടക്കം 1.13 ലക്ഷത്തിലേറെ വിദേശികൾ എത്തിയതായാണ് കണക്ക്; മേയ് മാസത്തേക്കാൾ 34.6 ശതമാനം വർദ്ധന. സഞ്ചാരികൾ ഒഴുകിയെത്തുമ്പോഴും ഒരിടത്തും മാലിന്യങ്ങൾ അടിയുന്നില്ല. യുദ്ധാനന്തര ശ്രീലങ്കയുടെ മുഖ്യവരുമാന മാർഗമാണ് ടൂറിസം.

ഇതൊക്കെ

എങ്ങനെ?​

കാഴ്ച കാണാനെത്തുന്ന വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അവരെക്കൊണ്ടു തന്നെ വാങ്ങിപ്പിക്കുന്ന സൂത്രവിദ്യ പ്രയോഗിക്കുന്ന 'മിസ്റ്റർ ക്ലീനാണ്" ശ്രീലങ്ക. കരിക്ക് കുടിച്ചശേഷം ഉപേക്ഷിക്കുന്ന ചിരട്ടയും ചകിരിയുമടക്കം ഉപയോഗിച്ചു നിർമ്മിക്കുന്ന കരകൗശല ഉത്പന്നങ്ങളും മറ്റും കാശുകൊടുത്തു വാങ്ങി സന്ദർശകർ അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോകുന്നു. എവിടെയും കാണാം,​ കയ‍ർ ഉത്പന്നങ്ങൾ! ചപ്പുചവറുകൾ പോലും വിവിധ ഉത്പന്നങ്ങളാക്കി ശ്രീലങ്ക സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. ചകിരിനാരുകൾ കൊണ്ടുള്ള ബാഗുകൾ, സഞ്ചികൾ തുടങ്ങിയവ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, ദീർഘകാലം ഉപയോഗിക്കുകയും ചെയ്യാം.


ഇതൊരു കുടിൽവ്യവസായം കൂടിയാണ്. പ്രാദേശിക കരകൗശല വിദഗ്ദ്ധർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനും അവസരമുണ്ട്. കടലാസും കാർഡ്‌ബോർഡും സംസ്‌കരിച്ച് പഴക്കൂടകൾ, ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോകാനുള്ള ട്രേ, സമ്മാനം നൽകാനുള്ള ചെറുപെട്ടികൾ, പാനീയങ്ങൾക്കുള്ള കപ്പ് എന്നിവയാക്കി മാറ്റാനുള്ള സ്മാർട്ട് വിദ്യ ഇവിടെയുണ്ട്. പുനർസംസ്‌കരണം അത്രവലിയ കാര്യമൊന്നുമല്ലെന്ന് നമ്മുടെ അയൽക്കാർ തെളിയിക്കുന്നു. ഭക്ഷണ അവശിഷ്ടങ്ങൾ വളമാക്കുകയും മാലിന്യത്തിൽനിന്ന് പാചകവാതകമുണ്ടാക്കുകയും ചെയ്യുന്നു.

കണ്ണുമടച്ച്

എറിയരുത്

വീടുകളിലെ മാലിന്യം വീട്ടുവളപ്പിൽത്തന്നെ കുഴിച്ചുമൂടുകയോ കത്തിക്കുകയോ വേണമെന്നാണ് സർക്കാരിന്റെ ആദ്യപാഠം. ഗാർഹിക മാലിന്യങ്ങളിൽ പകുതിയിലേറെയും ഇതേ രീതിയിൽ സംസ്‌കരിക്കുന്നു. വീട്ടുടമകൾ ഇത് പാലിക്കുന്നുണ്ടോ എന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ പൊതുസംവിധാനമുണ്ട്. ശ്രിലങ്കയിൽ പ്ലാസ്റ്റിക് സംസ്‌കരണ മേഖലയിൽ 400-ലേറെ കമ്പനികൾ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനായി 1500 കോടി രൂപയുടെ നിക്ഷേപം നടത്തി. പകുതിയിലേറെയും നേരിട്ടുള്ള വിദേശനിക്ഷേപമാണ്. ഇതിൽ 66 ശതമാനവും പുനർസംസ്‌കരണത്തിനാണ് ഉപയോഗിക്കുന്നത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ശ്രീരങ്കയിൽ നിരോധനമുണ്ട്. ശുചിത്വം, കീടനിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, പൊതുജനാരോഗ്യം, സുസ്ഥിര വികസനം തുടങ്ങിയവയെക്കുറിച്ച് സ്‌കൂളുകളിലും കോളേജുകളിലും അവബോധം നൽകുന്നു. പാചകത്തിനു ശേഷം മിച്ചം വരുന്ന എണ്ണയിൽ നിന്നുള്ള ബയോഡീസലിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വ്യാപകമാക്കാനുള്ള പദ്ധതി പരിഗണനയിലാണ്. പരിസ്ഥിതി പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഇന്ധനം ലാഭിക്കാനും കഴിയും.

കടലിനും

കരുതൽ

ദ്വീപു രാജ്യമായതിനാൽ സകല മാലിന്യങ്ങളും കടലിലാണ് എത്തുകയെന്ന് മത്സ്യബന്ധനം പ്രധാന വരുമാന മാർഗമായ ശ്രീലങ്ക തിരിച്ചറിയുന്നു. പൊതുജനങ്ങൾക്ക് ഇക്കാര്യം ബോദ്ധ്യമുള്ളതിനാൽ ഇരുളിന്റെ മറവിൽ മാലിന്യം ഉപേക്ഷിക്കുന്നില്ല. 'വേസ്റ്റ് ടു റിസോഴ്‌സ്" മാതൃകയിലുള്ള മാലിന്യ നിർമാർജന പ്ലാന്റുകൾ വ്യാപകമാക്കുന്നു. ഓരോ മാലിന്യത്തിന്റെയും സ്വഭാവമനുസരിച്ചു വേർതിരിച്ച് വീണ്ടും ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്. മാലിന്യം സംഭരിക്കുക, ശുചീകരിക്കുക, സംസ്‌കരിക്കുക, പുനരുപയോഗിക്കുക എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലാണ് ഇത്തരം പ്ലാന്റുകളുടെ പ്രവർത്തനം. രാസമാലിന്യങ്ങൾ മണ്ണിലും വെള്ളത്തിലും കലരാതെ ശ്രദ്ധിക്കുന്നു.


ചപ്പുചവറുകൾ കെട്ടിക്കിടക്കാതെ യഥാസമയം നീക്കം ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കൊവിഡ് സമയത്ത് ടൺകണക്കിന് മാസ്‌കുകളും ഗ്ലൗസുകളും പി.പി.ഇ കിറ്റുകളും പരിസരങ്ങളിൽ നിറയുകയും ഇവ കടലിൽ എത്തുകയും ചെയ്യുന്ന സാഹചര്യം പല രാജ്യങ്ങളിലും ഉണ്ടായിരുന്നെങ്കിലും മാതൃകാപരമായി പ്രവർത്തിക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞതായാണ് രാജ്യാന്തര റിപ്പോർട്ട്. കടലിലെയും ബീച്ചുകളിലെയും ശുചീകരണ പ്രവർത്തനങ്ങളിൽ നാട്ടുകാരും വിദ്യാർത്ഥികളും സജീവമായി പങ്കെടുക്കുന്നു. തീരങ്ങളിൽ അടിയുന്ന മത്സബന്ധന വലയുടെ അവശിഷ്ടങ്ങൾ,​ പ്ലാസ്റ്റിക് മാലിന്യങ്ങൾ,​ ബോട്ടുകളുടെ യന്ത്രഭാഗങ്ങൾ തുടങ്ങിയവ നീക്കേണ്ടത് സർക്കാരിന്റെ മാത്രം ബാദ്ധ്യതയല്ലെന്ന് ഇവർ തിരിച്ചറിയുന്നു. കരയിലെ മാലിന്യം കടലിലെത്താതിരിക്കാനും ശ്രദ്ധിക്കുന്നു.

കൊതുകുകളേ

ഗുഡ്ബൈ!

ശാസ്ത്രീയ മാലിന്യ നിർമാർജനത്തിലൂടെ കൊതുക് ഉൾപ്പെടെയുള്ള കീടങ്ങളെ ഇല്ലാതാക്കാനുള്ള കർമപരിപാടിയിലൂടെയും ശ്രീലങ്ക മാതൃകയായി. 1935-ൽ 15 ലക്ഷം പേർക്ക് മലേറിയ ബാധിക്കുകയും ആയിരങ്ങൾ മരിക്കുകയും ചെയ്തതിനെ തുടർന്നാണ് മാലിന്യനിർമാർജനം ഇവിടെ ഊർജിതമാക്കിയത്. മൊബൈൽ ക്ലിനിക്കുകൾ സ്ഥാപിക്കുകയും ചെയ്തു. വീടുകളിലോ വഴിയോരങ്ങളിലോ മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌കരണം, നഗരാസൂത്രണം തുടങ്ങിയവയിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നു.


എത്ര മനോഹരമായ കാഴ്ചകളുണ്ടെങ്കിലും മാലിന്യം നിറഞ്ഞാൽ ആരും തിരിഞ്ഞുനോക്കില്ലെന്ന് സർക്കാരും ജനങ്ങളും വിശ്വസിക്കുന്നു. വീടിനകത്തു മാത്രമല്ല, പുറത്തും ശുചിത്വം വേണമെന്ന കാര്യത്തിൽ കേരളത്തിനു മാതൃകയാണ്,​ ശ്രീലങ്ക. സ്മാർട് പദ്ധതികൾ നടപ്പാക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലെങ്കിലും പരമ്പരാഗത രീതിയിലുള്ള പദ്ധതികൾ കർശനമായി നടപ്പാക്കുകയും ഇതിന്റെ ആവശ്യകത ജനങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു. വെറുതെയല്ല,​ ശ്രീലങ്കയെ കണ്ടു പഠിക്കാൻ ദൈവത്തിന്റെ സ്വന്തം നാടെന്ന് ഊറ്റംകൊള്ളുന്ന കേരളത്തോട് ഹൈക്കോടതി പറഞ്ഞത്!