ചോറ്റാനിക്കര: പണിതുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇനിയും യാഥാർത്ഥ്യമാകാത്ത കണ്യാട്ടുനിരപ്പ് തനത് കുടിവെള്ള പദ്ധതിക്കായി നിർമ്മിച്ചിട്ടുള്ള കുളത്തിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനുള്ള നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞദിവസം ഇവിടെ വിദ്യാർത്ഥി മുങ്ങിമരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ.
മാസങ്ങൾക്കുമുമ്പ് ഇവിടെ കുളിക്കാനെത്തിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. നിരവധി ആളുകൾ ദൂരദേശങ്ങളിൽനിന്നും ഇവിടെ കുളിക്കാനായി എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
തിരുവാണിയൂർ പഞ്ചായത്തിന്റെ തനത് കുടിവെള്ള പദ്ധതിയാണ് കണ്യാട്ടുനിരപ്പ് കുടിവെള്ള പദ്ധതി. ഇതിനായി നിർമ്മിച്ചിട്ടുള്ള 12അടി താഴ്ചയുള്ള കുളത്തിന്റെ തറനിരപ്പ് മാത്രമാണ് കരിങ്കല്ല് കെട്ടിയിട്ടുള്ളത്. ചുറ്റുമതിലോ പടവുകളോ ഇല്ലാത്ത കുളത്തിന്റെ ആഴം മനസിലാക്കാതെയാണ് കുളത്തിലേക്ക് യുവാക്കൾ എടുത്തുചാടുന്നത്. പഞ്ചായത്തിന്റെ പരിധിയിൽ വരുന്നകുളം കെട്ടി സംരക്ഷിക്കുവാൻ അധികൃതർ മുന്നോട്ടുവരുന്നില്ല. രാത്രി സമീപറോഡുകളിൽ വിളക്കുകളും കത്താറില്ല. വിശാലമായ കുളം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആൾതാമസം കുറവായതിനാലും സമീപത്തെ വിശാലമായ പാടശേഖരവും രാത്രികാലങ്ങളിൽ കൂരിരുട്ടും സാമൂഹിക വിരുദ്ധർക്ക് താവളമാകാൻ പറ്റിയ ഇടമാണ്. ഇവിടെ സാമൂഹികവിരുദ്ധരുടെ ശല്യം പതിവാണെന്ന പരാതിയും നാട്ടുകാർക്കുണ്ട്.
മത്സ്യക്കൃഷിക്കായി പ്രയോജനപ്പെടുത്തണം.
തനത് കുടിവെള്ള പദ്ധതിക്കായി കുളം ഉപയോഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ സമീപത്തുള്ള കർഷകസംഘങ്ങൾക്കും മറ്റും മത്സ്യക്കൃഷി നടത്താൻ സൗകര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
മുൻ ഭരണസമിതിയുടെ കാലത്താണ് പദ്ധതി നടപ്പാക്കിയത്. പ്രാദേശിക തർക്കത്തെ തുടർന്ന് പദ്ധതി പൂർത്തിയാക്കാൻ സാധിച്ചില്ല. കുളത്തിന് ചുറ്റും മതിൽ കെട്ടി മത്സ്യക്കൃഷിക്കായി പ്രയോജനപ്പെടുത്തും
സി.ആർ. പ്രകാശൻ, തിരുവാണിയൂർ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കണ്യാട്ടുനിരപ്പ് കുടിവെള്ള പദ്ധതി
* അപ്റ്റീവ് കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് 2018ൽ ആരംഭിച്ചു
* പ്രളയവും തുടർന്നുവന്ന കൊവിഡ് മഹാമാരിയും നിർമ്മാണ പ്രവർത്തനങ്ങൾ വൈകിച്ചു
* പദ്ധതിക്കായി ടാങ്ക് നിർമ്മിച്ചിട്ടുള്ള സ്ഥലവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് പദ്ധതി നിലച്ചുപോയി