കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞ്, നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരടക്കം അഞ്ച് പേർക്ക് പരിക്ക്. അർജുനെയും സംഗീതിനെയും മാത്യുവിനെയും കാർ ഓടിച്ചിരുന്ന സ്റ്റണ്ട് ടീമിലെ ഡ്രൈവറെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കാറിടിച്ച് പരിക്കേറ്റ ഫുഡ് ഡെലിവറി ബോയിയെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഗീത് പ്രതാപിന്റെ കഴുത്തിലെ എല്ലിന് പൊട്ടലുണ്ട്. ഫുഡ് ഡെലിവറി ബോയിയുടെ കാലിനാണ് പരിക്ക്. അർജുൻ അശോകനും മാത്യുവിനും കാർ ഡ്രൈവർക്കും സാരമായ പരിക്കില്ല.
ഇന്നലെ പുലർച്ചെ ഒന്നരയോടെ 'ബ്രോമാൻസ്" എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എറണാകുളം എം.ജി റോഡിൽ പത്മ തിയേറ്ററിന് സമീപമായിരുന്നു അപകടം. അർജുൻ അശോകനും മഹിമ നമ്പ്യാരും മുഖ്യകഥാപാത്രങ്ങളാകുന്ന സിനിമയിൽ നായിക അമിതവേഗത്തിൽ കാർ ഓടിക്കുന്ന സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
അർജുൻ അശോകൻ മുൻസീറ്റിലും സംഗീത് പിൻസീറ്റിലുമായിരുന്നു. ഓവർടേക്ക് ചെയ്യുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ, ചിത്രീകരണത്തിനായി എത്തിച്ച മറ്റൊരു വാഹനത്തിൽ തട്ടിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ ബൈക്കുമായി നിന്ന ഫുഡ് ഡെലിവറി ബോയിയെയും മറ്റൊരു ബൈക്കിനെയും ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കാറോടിച്ച സ്റ്റണ്ട് ടീമിലെ ഡ്രൈവർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ചിത്രീകരണത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.