kothamangalam

കോതമംഗലം: തൃശൂർ പുന്നയൂർക്കുളം സ്വദേശി സജീവിന് പുതിയ ജീവിതത്തിലേക്കുള്ള യാത്രക്ക് ഓട്ടോറിക്ഷ നൽകി പീസ് വാലി. സജീവിന് അപ്രതീക്ഷിതമായാണ് ഗില്ലൻ ബാരി സിൻഡ്രോം എന്ന അപൂർവ രോഗം പിടിപെടുന്നത്. രോഗ നിർണയത്തിലെ കാലതാമസവും ചികിത്സ പിഴവുകളും ചേർന്നപ്പോൾ ശരീരം പാതി തളർന്ന നിലയിലായി. കുടുംബത്തിന്റെ ഏക അത്താണിയായ ഓട്ടോമൊബൈൽ രംഗത്ത് ജോലി ചെയ്തിരുന്ന ഈ നാല്പത്തിമൂന്നുകാരൻ പിന്നീട് രണ്ടു വർഷത്തോളം വീട്ടിൽ ഒതുങ്ങി പോയി. സാമൂഹിക മാദ്ധ്യമങ്ങൾ വഴി കോതമംഗലം പീസ് വാലിയെ കുറിച്ചറിഞ്ഞ സജീവന് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിൽ ചികിത്സയ്ക്കായി അഡ്മിഷൻ ലഭിക്കുന്നത്. പീസ് വാലിയിലെ രണ്ടു മാസത്തെ ചികിത്സയിലൂടെ പതിയെ നടക്കാൻ തുടങ്ങിയി സജീവന് ഭാര്യയും മകളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബം നിലനിർത്താൻ പഴയ തൊഴിലിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് പീസ് വാലിയിലെ സ്വയം തൊഴിൽ പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തരത്തിൽ സാങ്കേതിക മാറ്റം വരുത്തിയ ഒട്ടോറിക്ഷ ലഭിച്ചത്. ഒരാഴ്ച കാലത്തെ പരിശ്രമത്തിലൂടെ ഓട്ടോ റിക്ഷ ഡ്രൈവിംഗ് പരിശീലിച്ചു. പീസ് വാലിയിൽ നടന്ന ചടങ്ങിൽ അൽ ഷിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ മുഹമ്മദ് കാസിം, ഫ്ലോറ ഗ്രൂപ്പ് മേധാവി വി.എ. ഹസൻ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റീസ് സി.കെ. അബ്ദുൾ റഹീം, മെഡ്‌സെവൻ മേധാവി അബ്ദുൾ റഹ്‌മാൻ, ടി.എസ്. അമീർ, ടി.എസ്. യഹിയ എന്നിവർ ചേർന്ന് ഓട്ടോറിക്ഷ കൈമാറി.