kothamangalam

കോതമംഗലം: ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന. കുട്ടമ്പുഴ എളംബ്ലാശേരി ട്രൈബൽ സെറ്റിൽമെന്റ് പ്രദേശം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കൾക്കെതിരെ കൂടുതൽ ബോധവത്കരണം നടത്തും. ഇവ ഉപയോഗിക്കുന്നതൊ വിൽക്കുന്നതൊ ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾത്തന്നെ പൊലീസിനെ അറിയിക്കണം. പ്രദേശത്തെ പ്രധാന ആളുകളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഈ പ്രദേശങ്ങളിൽ ദിവസവും പട്രോളിംഗ് നടത്തും. ആഴ്ചയിലൊരിക്കൽ ഇൻസ്പെക്ടർ എത്തി പരാതികൾ കേൾക്കുമെന്നും പരിഹാരമുണ്ടാക്കുമെന്നും ജില്ലാ പോലീസ് മേധാവി ഉറപ്പുനൽകി. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഡോക്ടർകൂടിയായ എസ്.പി പറഞ്ഞു.

ലഹരി ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും വന്യമൃഗശല്യവും നാട്ടുകാർ ചൂണ്ടിക്കാട്ടി. കായിക വിനോദത്തിലേർപ്പെടാൻ ഊരിൽ ഒരു മൈതാനം വേണമെന്ന് പ്രദേശവാസികൾ എസ്.പി.യോട് ചൂണ്ടിക്കാട്ടിയപ്പോൾ വിശദമായ കത്ത് തയ്യാറാക്കി അധികൃതർക്ക് നൽകാൻ എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകി. ഊര് മൂപ്പൻമാരായ മൈക്കിൾ, രാഘവൻ എന്നിവർ ജില്ലാ പോലീസ് മേധാവിയെ സ്വീകരിച്ചു. ഇൻസ്പെക്ടർ പി.എം. ഫൈസൽ, എ.എസ്.ഐ മാരായ വി.ആർ. സുരേഷ്, ടി.ആർ. മനോജ്, പ്രമോട്ടർ ദിവ്യ എന്നിവർ ഒപ്പമുണ്ടായിരുന്നു.