a

കൊച്ചി: പെറ്റമ്മയോട് ലെസ്ലി അലക്സാണ്ടറിനുള്ള സ്നേഹാദരത്തിന് പത്തടിയിലേറെ ഉയരമുള്ള മെഴുകുതിരി വലിപ്പമാണ്. കഴിഞ്ഞ 33 വർഷമായി അമ്മയുടെ കുഴിമാടത്തിൽ തെളിച്ച മെഴുകുതിരികൾ ഒലിച്ചിറങ്ങി രൂപപ്പെട്ട ഒറ്റ മെഴുകുതിരിയുടെ വലിപ്പമാണത്. ഇന്നും മുടങ്ങാതെ എറണാകുളം സിമിത്തേരി മുക്കിലെ അഞ്ച് സിമിത്തേരികളിൽ ഒന്നായ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ പള്ളിയുടെ (കപ്പൽ പള്ളി) സെമിത്തേരിയിൽ എൺപതുകാരനായ ലെസ്ലി എത്തും. അമ്മ നെൽക്കുന്നശേരി റോസക്കുട്ടി അലക്സാണ്ടറുടെ കുഴിമാടത്തിൽ പ്രാർത്ഥിച്ചാണ് ദിനത്തിന്റെ തുടക്കം.

രാവിലെ അഞ്ചോടെ സെമിത്തേരിയിലെത്തുന്ന ലെസ്ലി ആദ്യമായി ചാപ്പലിൽ നിന്ന് കുഴിമാടത്തിലേക്കുള്ള നടപ്പാത വൃത്തിയാക്കും. അവിടെനിന്ന് മുട്ടിലിഴഞ്ഞാണ് കുഴിമാടത്തിൽ എത്തും. തുടർന്ന് കല്ലറയുടെ പിറകിൽ സ്ഥാപിച്ച സ്റ്റൂളിൽ കയറിനിന്ന് ഉരുകിയൊലിച്ച് നില്ക്കുന്ന മെഴുകുതിരിയുടെ മുകളിൽ പുതിയ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കും. ചിലപ്പോൾ ഒരു ദിവസം മൂന്ന് തവണ വരെ കല്ലറയിലെത്തും.

ലെസ്ലിക്ക് നാലു വയസ്സുള്ളപ്പോഴാണ് പിതാവ് മരിച്ചത്. അന്ന് വെറും 28 വയസുള്ള അമ്മയുടെ പ്രാപ്തിയും നിശ്ചയദാർഢ്യവുമാണ് 5 മക്കളെയും കഷ്ടപ്പെട്ട് വളർത്തി വേണ്ട വിദ്യാഭ്യാസം നൽകി നല്ല നിലയിലെത്തിക്കാൻ സഹായിച്ചതെന്ന് ലെസ്ലി പറയുന്നു. 8-ാം ക്ലാസിൽ പഠനം നിർത്തിയ ലെസ്ലിക്ക് ഒരു ജിംനേഷ്യം തുടങ്ങാനുള്ള പണം കൊടുത്ത് താങ്ങായതും അമ്മ തന്നെ. പവർ ഹൗസ് റോഡിൽ 40 വർഷത്തോളം നടത്തിയ ജിംനേഷ്യത്തിൽ ആയിരത്തിലേറെ ശിഷ്യരെ ഉണ്ടാക്കിയിട്ടുണ്ട് ലെസ്ലി.

അമ്മയ്ക്കായി നിർമ്മിച്ച കല്ലറയിൽ 'ഈ കുഴി അമ്മയ്ക്ക് മാത്രം' എന്ന് രേഖപ്പെടുത്താനും മറന്നിട്ടില്ല ലെസ്ലി. ദിവസേന 70 രൂപ മെഴുകുതിരിക്ക് മാത്രം ചെലവുണ്ട്. രണ്ടു തവണ ആക്രി പെറുക്കുന്നവർ വളർന്നു നിൽക്കുന്ന മെഴുക് ഒടിച്ചു കൊണ്ട് പോയത് ഇദ്ദേഹത്തിന്റെ ദു:ഖങ്ങളിലൊന്നാണ്. റബേക്കയാണ് ഭാര്യ. മക്കളായ രശ്മിയും രേഖയും വിവാഹിതരായി.