kochi
kochi

കൊച്ചി: രാജ്യത്ത് ആദ്യമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന സ്കൂൾ ഒളിമ്പിക്‌സ് ചരിത്രസംഭവമാകുമെന്നും ഉദ്ഘാടന ചടങ്ങിൽ ഒരുലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നവംബറിൽ 4 മുതൽ 11 വരെ എറണാകുളത്ത് നടക്കുന്ന പ്രഥമ കേരള സ്‌കൂൾ ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരിസ് ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ഒളിമ്പിക്‌സ് പ്രഖ്യാപനദീപം തെളിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

സ്കൂൾ ഒളിമ്പിക്സിന്റെ ഉദ്ഘാടനം കലൂർ ജെ.എൻ.എൽ സ്റ്റേഡിയത്തിൽ നടക്കും. ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരിക്കും സമാപന സമ്മേളനം. ഒന്നാംസമ്മാനം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ സ്വർണ്ണ കപ്പ് സമ്മാനമായി നൽകും.

മേളയുടെ ഭാഗമായി സാംസ്‌കാരിക പരിപാടികൾ, കലാസന്ധ്യകൾ, സ്‌പോർട്സ് സെമിനാറുകൾ, സ്‌പോർട്‌സ് സ്റ്റാളുകൾ, കായിക ഉത്പന്നങ്ങളുടെ വിതരണം, പ്രദർശനം തുടങ്ങിയവയും സംഘടിപ്പിക്കും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

രക്ഷാധികാരി മുഖ്യമന്ത്രി

മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായി നിയമസഭ സ്പീക്കർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യുട്ടി സ്പീക്കർ, എം.പിമാർ, എം.എൽ.എമാർ, വിവിധ ജനപ്രതിനിധികൾ, കായികം, കല, സാംസ്‌കാരികം, സാമൂഹികം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സ്കൂൾ ഒളിമ്പിക്സ്

41 ഇനങ്ങളിലായി അണ്ടർ 14, 17,19 കാറ്റഗറിയിൽ 24000 പേർ മത്സരിക്കും

16 സ്ഥലങ്ങളിലായി ഒരുക്കുന്ന വിവിധ വേദികളിൽ 10000 മത്സരങ്ങൾ നടക്കും

ഒരോ നാലുവർഷം കൂടുമ്പോൾ സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിക്കും

താസമസൗകര്യത്തിനായി 50 സ്കൂളുകൾ സജ്ജമാക്കും

5000 പേരെ ഉൾക്കൊള്ളുന്ന ഭക്ഷണ പന്തൽ സജ്ജമാക്കും

ഒളിമ്പിക്‌സിന് സ്ഥിരമായ ഒരു ലോഗോ രൂപകല്പന ചെയ്യും

ആപ്തവാക്യം, തീം സോംഗ്, പ്രോമോ വീഡിയോ, ബ്രാൻഡ് അംബാസിഡർമാർ, ഗുഡ് വിൽ അംബാസഡർ എന്നിവ ഉണ്ടാകും

വിജയികൾക്ക് ഒളിമ്പിക്‌സ് മാതൃകയിലുള്ള മെഡലുകൾ, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും