manappuram

ആലുവ: ആലുവയിൽ പെരിയാർ തീരത്ത് കർക്കടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ആഗസ്റ്റ് മൂന്നിനാണ് കലണ്ടറിൽ കർക്കടകവാവ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഇക്കുറി നാലിനും ബലിതർപ്പണം നടക്കും.

മൂന്നാം തീയതി വൈകിട്ട് 3.30 മുതൽ നാലാം തീയതി വൈകിട്ട് 4.30 വരെ അമാവാസിയായതിനാലാണ് ബലിതർപ്പണം രണ്ട് ദിവസം നീളുന്നതെന്ന് ആലുവ അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്തൻ പറഞ്ഞു. അതേസമയം, കലണ്ടറിൽ കർക്കടകവാവ് ദിവസമായി രേഖപ്പെടുത്തിയ മൂന്നാം തീയതി അവധി ദിവസമായതിനാൽ പുലർച്ചെ മുതൽ ഭക്തജന തിരക്കുണ്ടാകും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും മറുകരയിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. മണപ്പുറത്ത് 75ഓളം താത്കാലിക ബലിത്തറകൾ ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. അദ്വൈതാശ്രമത്തിൽ ഒരേസമയം 500 പേർക്ക് വരെ തർപ്പണം നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. ദേവസ്വം ബോർഡും അദ്വൈതാശ്രമം അധികൃതരും പ്രത്യേകം യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

മണപ്പുറത്ത് മഹാദേവ ക്ഷേത്രത്തിൽ പെരിയാറിലെ ജലനിരപ്പ് ഉയർന്നുണ്ടായ ചെളിയും മണപ്പുറത്തെ മറ്റ് മാലിന്യങ്ങളുമെല്ലാം അതിവേഗം നീക്കുകയാണ്. പുല്ലും വള്ളപ്പടപ്പുകളുമെല്ലാം നീക്കം ചെയ്യുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേർത്തിരുന്നു.