പെരുമ്പാവൂർ: വല്ലം പാണംകുഴി റോഡിൽ ആയത്തുപടി കപ്പേളയ്ക്ക് സമീപം ജനങ്ങളെ ദുരിതത്തിലാക്കുന്ന കുഴി രൂപപ്പെട്ടിട്ട് ആഴ്ചകളായി. നിരവധി റോഡുകളുടെ വന്നുചേരുന്ന റോഡായതിനാൽ വാച്ചൽ പാടം കലുങ്ക് പണി നടക്കുന്നതുകൊണ്ട് വലിയ വാഹനങ്ങൾ വല്ലം പാണംകുഴി റോഡിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ കൂവപ്പടി ഇടവൂർ റോഡ്, തോട്ടുവ നമ്പിള്ളി റോഡ് കുറിച്ചിലക്കോട് കീഴില്ലം റോഡ്, കോടനാട് മലയാറ്റൂർറോഡും ഈ റോഡിലാണ് സന്ധിക്കുന്നത്. ഇരുപതിൽപരം ബസ് സർവീസുകളും ഇതിലെ ഉണ്ട്. തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കപ്രികാട് അഭയാരണ്യം, പാണിയേലി പോര്, മഹാഗണി തോട്ടം എന്നിവിടങ്ങളിലേക്കും ഇതുവഴിയാണ് പോകുന്നത്. കൂവപ്പടി പോളിടെക്‌നിക്ക്, ചേരാനല്ലൂർ ഹൈസ്‌കൂൾ, കൂവപ്പടി ജി.വി.എച്ച്.എസ്. അടക്കമുള്ള സ്‌കൂളുകളും ഈ റൂട്ടിലാണ്. ആലാട്ടുചിറ, കോടനാട്, കുറിച്ചിലക്കോട്, തോട്ടുവ, ചേരാനല്ലൂർ, മങ്കുഴി കൂവപ്പടി, കൂടാലപാട്, ഐമുറി മേഖലകളിലുള്ള ആയിരക്കണക്കിന് ആളുകളും സഞ്ചരിക്കുന്നത് ഈ വഴിയാണ്. അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി കുഴിയിൽ മരക്കട്ടകൾ ഇട്ട് നാട്ടുകാർ തടസം സൃഷ്ടിച്ചിട്ടുണ്ട്.
കുഴിയുടെ സമീപത്തുള്ള കപ്പേളയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന തിരുനാൾ ഇന്നാണ്. വല്ലം പാണംകുഴി റോഡിലെ മറ്റ് കുഴികൾ കഴിഞ്ഞ ദിവസങ്ങളിൽ താത്കാലികമായി അടച്ചെങ്കിലും ഈ കുഴി മാത്രം അടയ്ക്കാത്തതിൽ വലിയ പ്രതിഷേധമുണ്ട്. കപ്പേളയിലെ പ്രദക്ഷിണം അടക്കം നടക്കേണ്ട റോഡാണിത്. തിരുനാൾ ഉണ്ടെന്ന് അധികാരികളെ അറിയിച്ചെങ്കിലും കുഴിയടയ്ക്കാനുള്ള നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്
വല്ലം പാണംകുഴി റോഡിലെ കുഴി എത്രയും വേഗം അടച്ച് ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കണം
അവറാച്ചൻ ആലുക്ക
മണ്ഡലം കമ്മിറ്റി പ്രസിഡന്റ്
ബി.ജെ.പി
ന്യൂനപക്ഷമോർച്ച