മരട്: പട്ടാപ്പകൽ ഫ്‌ളാറ്റിൽ നിന്ന് കക്കൂസ് മാലിന്യം തോട്ടിലേക് തള്ളിയത് പിടികൂടി. മരട് കണ്ടന്നൂർ ജംഗ്ഷനു സമീപമുള്ള ഗ്രാന്റ് മെഡോസ് ഫ്ലാറ്റിൽ നിന്ന് പട്ടാപ്പകൽ വലിയ മോട്ടർ വച്ച് കക്കുസ് മാലിന്യം തോട്ടിലേക്ക് തള്ളിയത്. ഇതേക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി മോട്ടറടക്കം പിടിച്ചെടുത്തു. മാലിന്യം തള്ളിയ ഗ്രാന്റ് മെഡോസ് ഫ്‌ളാറ്റിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. രാത്രികാലങ്ങളിൽ പല ദിവസങ്ങളിലും ഇവിടെ നിന്ന് തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളാറുണ്ടെന്നും ആ സമയത്ത് അസഹ്യമായ ദുർഗന്ധം അനുഭവപ്പെടാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു. കോളറ, ടൈഫോയിഡ്‌ പോലുള്ള സാംക്രമികരോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ പറഞ്ഞു.