devan-ramachandran

ആലുവ: ലഹരിക്കെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സന്നദ്ധ സംഘടനകൾ മുന്നോട്ടുവരണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൺ സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കടിമപ്പെട്ട് യൗവനത്തിൽ ഇല്ലാതാകുന്ന യുവതയുടെ രക്ഷക്കായി സമൂഹം ഒറ്റക്കെട്ടായി നിൽക്കണം. വലിയവരാണെന്ന് ചിന്തിക്കാതെ തുല്യരാണെന്ന ബോധ്യമാണ് നമ്മളിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളാ റീജിയൺ ചെയർമാൻ ജോസ് നെറ്റികാടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ട്രഷറർ റെജി ജോർജ്, ദേശീയ സെക്രട്ടറി എൻ.വി. എൽദോ, ട്രഷറർ പി.എം. തോമസുകുട്ടി, വർഗീസ് പള്ളിക്കര, ഡേവിഡ് സാമുവൽ, അഡ്വ.സി.പി. മാത്യു, വർഗീസ് അലക്‌സാണ്ടർ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഡോ.എം.പി.മത്തായി, റവ. ടി. സാം കോശി എന്നിവർ ക്ലാസെടുത്തു.

റിപ്പോർട്ടും കണക്കും അംഗീകരിച്ചില്ല,

രണ്ട് മാസത്തിനകം വീണ്ടും യോഗം

ആലുവ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൺ സംസ്ഥാന കൗൺസിൽ യോഗത്തിൽ 84 ലക്ഷം രൂപയുടെ ക്രമക്കേട് ആരോപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയതിനെ തുടർന്ന് റിപ്പോർട്ടും കണക്കും അംഗീകരിക്കാതെയാണ് യോഗം പിരിഞ്ഞത്. രണ്ട് മാസത്തിനകം കണക്കുകളുടെ വിശദാംശങ്ങൾ വ്യക്തമാക്കാൻ വീണ്ടും യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു.

മുൻ ദേശീയ പ്രസിഡന്റായിരുന്ന ലേബി ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് നിലവിലുള്ള കമ്മിറ്റി അവതരിപ്പിച്ച കണക്കിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. ലേബി ഫിലിപ്പ് മാത്യുവിനെ കൂടാതെ മുൻ റീജിയണൽ പ്രസിഡന്റ് ജോസ് ഉമ്മൻ, വി.വി. ഷാജി പന്തളം, ജോ ഇലഞ്ഞിമൂട്ടിൽ, അനൂപ് ചക്കാലയിൽ, സുമൻരാജ്, റോയി മല്ലശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.