1

മട്ടാഞ്ചേരി: വൃത്തിഹീനമായ അന്തരീക്ഷത്തിൽ കാടുപിടിച്ച പ്രദേശത്ത് ഇഴ ജന്തുക്കളെ ഭയന്ന് ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന ആസിയ എന്ന ആറാം ക്ളാസ് വിദ്യാർത്ഥിനിയുടെ ദുരിത ജീവിതത്തിന് അറുതിയാകുന്നു. മാതാവ് റസിയയും പിതാവ് സലീമും അടങ്ങുന്ന മൂന്നംഗ കുടുംബത്തിന് പ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകി വീട് നിർമ്മാണം കൊച്ചിക്കാർ എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ ഏറ്റെടുത്തു. കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾ മുഴുവൻ കൊച്ചിൻ അക്കാഡമിയും ഏറ്റെടുത്തു.

ആസിയ താമസിക്കുന്നിടത്ത് ഭൂമി സംബന്ധമായി ചില തർക്കങ്ങളുള്ളതിനാൽ ഭവന പദ്ധതികളിൽ ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. നിർധനരായ ഇവർക്ക് നിലവിൽ താമസിക്കുന്ന വീട് അറ്റകുറ്റ പണികൾ ചെയ്ത് നവീകരിക്കാനും സാധിക്കുന്നില്ലായിരുന്നു. കാലപഴക്കം കൊണ്ടും കാലാവസ്ഥ പ്രശ്നങ്ങൾ മൂലവും ശോചനീയാവസ്ഥയിലായ വീട്ടിൽ കഴിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇത് സമൂഹ മാധ്യമങ്ങൾ വഴി അറിഞ്ഞ കൊച്ചിക്കാർ വാട്ട്സ് ആപ്പ് കൂട്ടായ്മ അംഗങ്ങൾ ഇവരുടെ ഭവന നവീകരണം ഏറ്റെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് കെ.ജെ മാക്സി എം.എൽ.എയും സ്ഥലത്തെത്തി. ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് എം.എൽ.എ.ഉറപ്പ് നൽകി. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് കൗൺസിലർ പി.എം ഇസ്മുദ്ദീൻ ചെയർമാനും ആറ്റക്കോയ തങ്ങൾ കൺവീനറായും സ്മിത ബഷീർ ഫിനാൻസ് കൺവീനറായും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്. രണ്ടര മാസത്തിനകം 450 സ്ക്വയർ ഫീറ്റുള്ള ഭവന നിർമാണം പൂർത്തിയാക്കുമെന്ന് ആറ്റക്കോയ തങ്ങൾ പറഞ്ഞു. കൗൺസിലർ പി.എം ഇസ്മുദ്ദീന്റെ നേതൃത്വത്തിൽ കാട് പിടിച്ച പ്രദേശം വെട്ടി തെളിച്ചു.