പള്ളുരുത്തി: പാരീസിൽ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് എസ്.ഡി.പി.വൈ. ബോയ്സ് സ്കൂളിൽ പ്രധാനാദ്ധ്യാപിക എസ്.ആർ. ശ്രീദേവി സ്കൂൾ ഒളിമ്പിക്സ് ദീപശിഖ തെളിച്ചു. കായികാദ്ധ്യാപകൻ വി.പി. നിഥിൻ ഒളിമ്പിക്സ് സന്ദേശം നൽകി. പള്ളുരുത്തി വില്ലേജ് ഓഫീസിനു മുന്നിൽനിന്ന് കൗൺസിലർ സി.ജി. സുധീർ ഫ്ലാഗ് ഓഫ് ചെയ്ത ദീപശിഖാ പ്രയാണം എസ്.ഡി.പി വൈ ബോയ്സ് സ്കൂൾ അങ്കണത്തിൽ എത്തി. ഒളിമ്പിക്സ് വളയങ്ങളുടെ നിറങ്ങളിലുള്ള ടീഷർട്ടുകൾ ധരിച്ച് വിദ്യാർത്ഥികൾ ഒളിമ്പിക്സ് ചിഹ്നമായ പഞ്ചവർണവളയങ്ങൾ തീർത്തു. സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ദീപശിഖാ പ്രയാണത്തിൽ പങ്കെടുത്തു. ടി.വി, ഷാരിമോൾ സംസാരിച്ചു. പ്രഥമ സ്കൂൾ ഒളിമ്പിക്സ് ഇപ്രാവശ്യം എറണാകുളം ജില്ലയിലാണ് നടക്കുന്നത്.