കൊച്ചി: ആരോഗ്യരംഗത്ത് ലോകത്തിന് അഭിമാനമായ കേരള മോഡൽ കൈവിട്ടു പോകാതിരിക്കാൻ കരുതലും കൂട്ടായ ശ്രമങ്ങളും വേണമെന്ന് കേരളകൗമുദി 'ഹീലിംഗ് കേരള" മെഡിക്കൽ കോൺക്ലേവ്. സർക്കാർ - സ്വകാര്യ ആരോഗ്യ പ്രസ്ഥാനങ്ങൾ കൈകോർക്കണമെന്നും പാനൽ ചർച്ചയിൽ വിദഗ്ദ്ധ ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
പകർച്ചവ്യാധികളേക്കാൾ ഇന്ന് കേരളത്തിന് ആശങ്ക ജീവിതശൈലി രോഗങ്ങളാണ്. ഇവ കൂടുതൽ മരണകാരണമാകുന്നു.
പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനമാവുകയാണ് കേരളം. അതിനാൽ കേരളത്തിന്റെ ആരോഗ്യ മാതൃക നിലനിറുത്താൻ 20- 30 വർഷം മുന്നിൽകണ്ടുള്ള യജ്ഞമുണ്ടാകണം.
ആരോഗ്യരംഗം നേരിടുന്ന പ്രധാന പോരായ്മ ഗവേഷണത്തിലെ കേരളത്തിലെ പ്രതിസന്ധിയാണ്. ചികിത്സാ ഉപകരണങ്ങൾക്കും മരുന്നുകൾക്കും വിദേശരാജ്യങ്ങൾ വികസിപ്പിച്ച സാങ്കേതികതയെ ആശ്രയിക്കേണ്ടി വരുന്നു. ഗവേഷങ്ങൾ ശക്തിപ്പെടുത്തി ഇതിനൊരു മാറ്റമുണ്ടാക്കണം. സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രമുഖ സർക്കാർ ആശുപത്രികളിൽ ഉത്പാദന യൂണിറ്റുകളും സ്റ്റാർട്ടപ്പുകളും തുടങ്ങണം. ഇത്തരം പദ്ധതികളിലൂടെ ചികിത്സാച്ചെലവും ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും "ആരോഗ്യകേരളം: സാദ്ധ്യതകളും വെല്ലുവിളികളും" എന്ന വിഷയത്തിൽ നടന്ന കോൺക്ലേവ് വിലയിരുത്തി.
സാധാരണക്കാരുടെ അവസാന അഭയമെന്ന നിലയിൽ സർക്കാർ ആതുരാലയങ്ങൾ ശക്തിപ്പെടണം. ഗവ. ആശുപത്രികളിലെ മാനവവിഭവശേഷിയുടെ കുറവ് നികത്തണമെന്നും പാനൽ ചർച്ച നിർദ്ദേശിച്ചു.
ഡോ. പത്മനാഭ ഷേണായ് (ക്ലിനിക്കൽ ഡയറക്ടർ, ഷേണായ്‌സ് കെയർ ഹോസ്പിറ്റൽ) മോഡറേറ്ററായിരുന്നു. ഡോ. രാജീവ് ജയദേവൻ (മുൻ പ്രസിഡന്റ്, ഐ.എം.എ, കൊച്ചി), ഡോ.എസ്. സുധീന്ദ്രൻ (ചീഫ് ട്രാൻസ്‌പ്ളാന്റ് സർജൻ, അമൃത ആശുപത്രി), ഡോ. ഗണേഷ് മോഹൻ (സൂപ്രണ്ട്, എറണാകുളം മെഡിക്കൽ കോളേജ്), ഡോ. ജുനൈദ് റഹ്‌മാൻ (മെഡിക്കൽ ഡയറക്ടർ, സുധീന്ദ്ര ഹോസ്പിറ്റൽ), ഡോ. മുഹമ്മദ് ഹനീഷ് (പ്രസിഡന്റ്, ഐ.എം.എ, കൊച്ചി), ഡോ. ഷോൺ ടി. ജോസഫ് (ചീഫ് മെഡിക്കൽ ഓഫീസർ, വി.പി.എസ് ലേക്‌ഷോർ ), ഡോ.കെ.കെ. മോഹൻദാസ് (എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, തൃശൂർ), ഡോ. രാംകുമാർ മേനോൻ (എം.ഡി, ആത്രേയ ഹോസ്പിറ്റൽ, തൃശൂർ), ഡോ.ആർ.എൻ. ശർമ്മ (പ്രൊഫസർ എമിറിറ്റിസ് പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, തിരുവല്ല) എന്നിവർ പങ്കെടുത്തു.