congress

കലാകായിക പരിപാടികളിലൂടെ പാർട്ടിയെ വളർത്തുകയെന്ന അപൂർവദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. ഐക്യമുന്നണിയെ ശക്തിപ്പെടുത്താൻ ഇതല്ലാതെ വേറെ വഴിയില്ല. 'സാംസ്‌കാരിക സംവാദം", കാലുവാരൽ, കൈകൊട്ടിക്കളി, കോൽക്കളി എന്നീ ക്രമത്തിലാണ് പരിപാടികൾ. ഒടുവിൽ, കീറിപ്പറിഞ്ഞ ഷർട്ടിട്ട് പാതിസ്വതന്ത്രനായി സമ്മേളനവേദിയിൽ നിന്ന് നേതാക്കളും അണികളും പുറത്തിറങ്ങുമ്പോൾ കാര്യങ്ങളെല്ലാം ഭംഗിയായെന്ന് ഉറപ്പിക്കാം. കാലങ്ങളായുള്ള കീഴ് വഴക്കം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തെറ്റിക്കുന്നത് ശരിയല്ല. ഇതൊന്നും കണ്ട് സഖാക്കളും സംഘികളും പ്രതീക്ഷവയ്‌ക്കേണ്ടെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസിന് ബദലായി തമ്മിലടിച്ച് വളരുകയാണ് കോൺഗ്രസ്. പ്രശ്‌നങ്ങളുണ്ടെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും സംഗതി സ്‌നേഹപ്രകടനമാണ്.
സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തകർപ്പൻ വിജയം നേടിയതിനാൽ ഇനിയുള്ള നാളുകളിൽ കലാപരിപാടികൾ കൂടുതൽ ഉഷാറാകും. കേരളത്തിലെ ജനകീയ സർക്കാർ 2026ൽ അരങ്ങൊഴിയുമ്പോൾ ഏറ്റെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ വെറുതെയിരിക്കാനാവില്ല. മുഖ്യമന്ത്രി മുതലുള്ള സ്ഥാനങ്ങൾ ആർക്കൊക്കെയെന്ന കാര്യത്തിൽ ചർച്ചതുടങ്ങി. തുടർച്ചയായി രണ്ടാംതവണയും ഭരണം കിട്ടാത്തതിന്റെ ക്ഷീണം നേതാക്കൾക്കും പാർട്ടിക്കുമുണ്ട്. നല്ല ഭക്ഷണം കഴിച്ചിട്ട് നാളുകളായി. ലീഗുകാരുള്ളതാണ് ഏക ആശ്വാസം.
ഇന്നത്തെ നിലയ്ക്ക് മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ താനാണെന്ന് സതീശൻജിക്ക് ഉറപ്പുണ്ട്. സുന്ദരനും സുശീലനും വാഗ്മിയും ജ്ഞാനിയുമാണ്. അങ്ങനെയൊരാൾ നിലവിൽ ഒരു പാർട്ടിയിലുമില്ല. അങ്ങനെയാണെങ്കിൽ തനിക്കെന്താണ് കുഴപ്പമെന്ന് തരൂർ ശശിജിയും ആരോടോ ചോദിച്ചതായാണ് വിവരം. എല്ലാം ഇത്തിരി കൂടുതലാണുതാനും. തത്കാലം ഇത്തരം ചർച്ചകളൊന്നും വേണ്ടെന്നാണ് രമേശ് ചെന്നിത്തലജിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ചിത്രം തെളിയും. പ്രശ്‌നങ്ങൾ സംയമനത്തോടെ കൈകാര്യം ചെയ്യുന്നയാളാണ് മുഖ്യമന്ത്രിയാകേണ്ടത്. അങ്ങനെയൊരു ആളേ കോൺഗ്രസിലുള്ളൂ എന്നും വിനയംകൊണ്ട് ആ പേര് പറയുന്നില്ലെന്നും അടുപ്പക്കാരോട് അദ്ദേഹം പണ്ടേ വ്യക്തമാക്കിയിട്ടുണ്ട്.
മൂത്തുപോയ നേതാക്കൾ പാർട്ടിക്കാര്യങ്ങൾ നോക്കിനടത്തി ഭാരിച്ച കാര്യങ്ങൾ ഇളമുറക്കാരെ ഏൽപിക്കണമെന്നാണ് യൂത്തന്മാരുടെ നിലപാട്. ചുറുചുറുക്കുള്ള ഹൈക്കമാൻഡിനെ ശക്തിപ്പെടുത്താൻ ഇതാവശ്യമാണ്. ഈ പറഞ്ഞതിലൊന്നും വലിയ കാര്യമില്ലെന്ന് സുധാകർജി തിരിച്ചടിക്കുന്നു. സുന്ദരൻമാർ ഫാഷൻ പരേഡിന് പോകട്ടേയെന്നാണ് അദ്ദേഹം പറയുന്നത്. ബ്രണ്ണൻ മോഡൽ പ്രയോഗങ്ങൾ കൈയിലുള്ള കെ.പി.സി.സി പ്രസിഡന്റ് ഉള്ളതുകൊണ്ടാണ് കോൺഗ്രസുകാർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്നത്. അങ്ങനെയുള്ള പ്രസിഡന്റ് മുഖ്യമന്ത്രിയായാൽ പാർട്ടിയും കേരളവും ശക്തിപ്പെടും.
എല്ലാവരും യോഗ്യരായ ഒരു പ്രസ്ഥാനത്തിന് ഇതുപോലുള്ള ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവരും. സുധാകർജിയും സതീശൻജിയും തമ്മിലുള്ള ഇരിപ്പുവശം പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഹൈക്കമാൻഡിന് ഉറപ്പുണ്ട്. മാസങ്ങൾക്കു മുമ്പ് കോൺഗ്രസിന്റെ സമരാഗ്‌നി ജാഥയോടനുബന്ധിച്ച് ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സതീശൻ എത്താൻ വൈകിയതിന്, സുധാകർജി അടുത്തിരുന്നയാളോട് സ്വകാര്യമായി എന്തോ പറഞ്ഞത് ഹിറ്റായി. മൈക്ക് ഓഫ് ചെയ്യാതെയുള്ള പ്രയോഗമായിരുന്നതിനാൽ കേട്ടവരുടെ ചെവിയുടെ ഫ്യൂസ് പോയി. വേദിയിൽ ഇരുന്നവരും സദസിലിരുന്നവരും നടുങ്ങി. ഈ വിവരമറിഞ്ഞ് സതീശൻ കരയുമെന്നാണ് സകലരും കരുതിയതെങ്കിലും, 'ഇതൊക്കെയെന്ത്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇരുവരുടെ സൗഹൃദത്തിന്റെ തീവ്രത അന്ന് പാർട്ടിക്കാർക്ക് ബോദ്ധ്യമായി.

പ്രതിപക്ഷ നേതാവിനെതിരായ കള്ളക്കഥകൾ പൊടിപ്പുംതൊങ്ങലും ചേർത്ത് മാദ്ധ്യമപ്രവർത്തകർക്ക് ചോർത്തിക്കൊടുത്ത് വാർത്തയാക്കുന്ന ചില തുരപ്പന്മാർ പാർട്ടിയിലുണ്ടെന്ന് കണ്ടുപിടിക്കാൻ സതീശൻജി വൈകി. താൻ പങ്കെടുക്കാതിരുന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ തനിക്കെതിരെയുണ്ടായ വിമർശനംവരെ കിറുകൃത്യമായി ചോർത്തിക്കൊടുത്തു. നാറ്റിച്ച് ഭാവിയിലെ സാദ്ധ്യതകൾ ഇല്ലാതാക്കാനുള്ള ഈ നീക്കത്തിനെതിരെ ഹൈക്കമാൻഡിനെ സമീപിക്കാനിരിക്കുകയാണ് സതീശൻ. സുധാകരനറിയാതെ സംഗതി നടക്കില്ലെന്ന് ഉറപ്പുണ്ട്. പത്തുവർഷത്തിനുശേഷം പാർട്ടി സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്ന് കണക്കുകൂട്ടിയിരിക്കുമ്പോഴാണ് ഈ പണി. പാർട്ടിയുടെ ദുർഘടഘട്ടത്തിൽ നിയമസഭയ്ക്കത്തും പുറത്തും ഭരണപക്ഷവുമായി പോരാട്ടം നടത്തിയ പ്രതിപക്ഷ നേതാവിനെ വളഞ്ഞിട്ടാക്രമിച്ചാൽ പ്രത്യഘാതം ഭയാനകമായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റിന് അദ്ദേഹം മുന്നറിയിപ്പു നൽകിയെന്നാണ് ചാരന്മാരിൽനിന്ന് ചോർന്നുകിട്ടുന്ന വിവരം.
അതേസമയം, വിമർശിക്കാൻ ആർക്കും അധികാരമുണ്ടെന്നും സങ്കടം ഒട്ടുമില്ലെന്നും സതീശൻ പരസ്യമായി വ്യക്തമാക്കി. കോൺഗ്രസ് വലിയൊരു ജനാധിപത്യ പാർട്ടിയാണ്. കെ.പി.സി.പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവരുടെ ഓഫീസിനു മുന്നിൽ മാത്രമല്ല, ഹൈക്കമാൻഡിലെ രാഹുൽജിയുടെ വീടിനുമുന്നിൽനിന്നും കോൺഗ്രസ് നേതാക്കളെ ചീത്തവിളിക്കാം. ക്ഷീണിക്കുമ്പോൾ ബിസ്‌ക്കറ്റും ചായയും കിട്ടും. പോരെന്നുണ്ടെങ്കിൽ ഫലൂഡയും. സംഘികളുടെയും സഖാക്കളുടെയും പാർട്ടിയിൽ അങ്ങനെയല്ല. പാടത്തെ പണിക്ക് വരമ്പത്താണ് കൂലി.


ആഞ്ഞൊന്നു കരഞ്ഞാൽ
വഴിതെളിയും

തൃശൂരിൽ ഉറപ്പായും ജയിക്കേണ്ട തന്നെ സ്വന്തം പാർട്ടിക്കാർ തോൽപ്പിച്ചെന്ന കെ. മുരളീധരന്റെ കരച്ചിൽ ഇനിയും അവസാനിച്ചിട്ടില്ല. ലേശം ഓവറാകുന്നുണ്ടോയെന്ന് ചിലർ സംശയം പ്രകടിപ്പിച്ചപ്പോൾ ഷാനിമോൾ ഉസ്മാൻ അത് തുറന്നടിച്ചു. സംഗതി വാർത്തയായപ്പോൾ, അങ്ങനെ പറഞ്ഞില്ലെന്ന് ഷാനിമോൾ തിരുത്തിയെങ്കിലും മുരളീധരന്റെ വിലാപം അവസാനിച്ചു. ഇനി കരയില്ലെന്നും തോൽപിച്ചാലും പുറത്താക്കിയാലും പാർട്ടി വിടില്ലെന്നും വ്യക്തമാക്കി. ഒന്നിനോടും ആഗ്രഹമില്ലെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചുകഴിഞ്ഞു. ഒരു താപസനെപ്പോലെ അലയാനാണ് താത്പര്യമെങ്കിലും ഹൈക്കമാൻഡ് നിർബന്ധിച്ചാൽ കെ.പി.സി.സി പ്രസിഡന്റോ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആകാൻ വിരോധവുമില്ല.
ശുദ്ധനായ കെ. മുരളീധരനെ കോൺഗ്രസുകാർ ഈ പരുവത്തിലാക്കിയതിൽ ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രന് വലിയ സങ്കടമുണ്ട്. സതീശനും സുധാകരനും ഹൈക്കമാൻഡിന്റെ വാർ റൂം മേധാവിയുമായ കെ.സി.വേണുഗോപാലും ചേർന്ന് മുരളീധരനെ ചതിച്ചെന്നാണ് സുരേന്ദ്രന്റെ കണ്ടെത്തൽ. ദീർഘദർശിയായതിനാൽ അദ്ദേഹം പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടാകും. മുരളീധരൻ പണ്ട് മന്ത്രിയായിരുന്നപ്പോൾ, ഉപതിരഞ്ഞെടുപ്പിൽ തോൽപ്പിച്ച് മന്ത്രിക്കസേരയിൽ നിന്നിറക്കിവിട്ട 'വിശ്വസ്തർ' ഇപ്പോഴും കോൺഗ്രസിലുണ്ട്. തുടർച്ചയായി തോൽപ്പിച്ച് പഴയ ഡി.ഐ.സി (ഡിക്ക് പാർട്ടി) നേതാവായ മുരളിയെ നാറ്റിക്കാൻ സംയുക്ത നീക്കം നടക്കുകയാണെന്ന് സുരേന്ദ്രൻ സംശയിക്കുന്നതിൽ കാര്യമില്ലാതില്ല. എന്തൊക്കെയായാലും മുരളീധരൻ നല്ലൊരു മനുഷ്യനാണെന്ന് സകലർക്കുമറിയാം. വികസനത്തെക്കുറിച്ച് ഒരുപാട് അറിവുകളുമുണ്ട്. ഇത് ഉപയോഗപ്പെടുത്താൻ കേരളത്തിലോ കേന്ദ്രത്തിലോ കോൺഗ്രസ് സർക്കാരില്ലെന്നത് വലിയ പ്രശ്‌നമാണ്. കർണാടകയിലോട്ട് ചെന്നാൽ കടുത്ത ക്ഷുദ്രപ്രയോഗങ്ങളെ അതിജീവിക്കേണ്ടിവരും. മുരളീധരന് നല്ലൊരു ഭാവിയുണ്ടെന്നും ഒരു വഴി അടയുമ്പോൾ അതിലും വലിയൊരു വഴി തുറക്കുമെന്നും ചില പരിവാറുകാർ ഓർമ്മിപ്പിക്കുന്നു. ഒരു കുറിതൊട്ടാൽ തീരുന്ന പ്രശ്‌നമേ നിലവിലുള്ളൂ എന്ന് സുരേന്ദ്രൻജി പറഞ്ഞിട്ടില്ല.