കൊച്ചി: കേരളത്തിന് നടപ്പാക്കാൻ കഴിയുന്ന ഒട്ടേറെ പദ്ധതികൾ കേന്ദ്രബഡ്ജറ്റിലുണ്ടെന്ന് കേന്ദ്ര ഫിഷറീസ്,​ ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഇത് പ്രാബല്യത്തിൽ വരുത്താൻ രാഷ്ട്രീയത്തിനതീതമായുള്ള കൂട്ടായപ്രയത്നം ആവശ്യമാണ്. വികസനകാര്യത്തിൽ രാഷ്ടീയത്തിനതീതമായ കൂട്ടായ്മയാണ് മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കണം. രാജ്യത്തു നിന്ന് 60,000കോടിരൂപയുടെ ചെമ്മീനാണ് കയറ്റുമതി ചെയ്യുന്നത്. അതിൽ 40,000കോടി രൂപയുടേതും അമേരിക്കയിലേക്കാണ്. ഇതിൽ 90ശതമാനവും ലഭിക്കുന്നത് അക്വാകൾച്ചർ വഴിയാണ്. പത്തുശതമാനം ലഭ്യത കടലിൽനിന്ന്. ഇത്തരം ചെമ്മീനുകളെ പിടിക്കുമ്പോൾ പ്രത്യേക വർഗത്തിൽപ്പെട്ട ആമകളുടെ വംശനാശത്തിന് കാരണമാകുന്നതിനാലാണ് അമേരിക്ക കയറ്റുമതി നിരോധിച്ചത്. ആമകളെ ഒഴിവാക്കി മത്സ്യബന്ധനം നടത്തുന്നതിനുള്ള വല ഫിഷറീസ് വകുപ്പിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങൾ രൂപകല്പന ചെയ്തുകഴിഞ്ഞു. അത് പ്രാബല്യത്തിലെത്തിയാൽ ഈ വിഷയവും പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.