ksrtc

ആലുവ: ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി സ്വിഫ്ട് ബസിന്റെ എൻജിനുള്ളിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തി പരത്തി. ഡ്രൈവർ ബസ് റോഡരികിൽ നിറുത്തി 38 യാത്രക്കാരെയും കണ്ടക്ടറെയും സുരക്ഷിതരായി പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവാക്കി.

ഇന്നലെ രാവിലെ എട്ട് മണിയോടെ ദേശം കുന്നുംപുറത്താണ് സംഭവം. അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട കെ.എസ് 293 നമ്പർ ബസിന്റെ ബോണറ്റിനുള്ളിൽ നിന്നാണ് പുകയുയർന്നത്. തുടർന്ന് തീ ആളിക്കത്തി.

എൻജിൻ ഭാഗത്ത് നിന്ന് പുകയും തീയും ഉയർന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ഡ്രൈവർ സച്ചു പറഞ്ഞു.

ബസിലെയും പിന്നാലെയെത്തിയ ലോറികളിലെയും ഫയർ എക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് ഫയർ ഫോഴ്‌സ് എത്തുന്നത് വരെ തീ നിയന്ത്രിച്ചു. ബാറ്ററിയുടെ വയറുകളും വിച്ഛേദിച്ചു. സ്ഥലത്തെത്തിയ ആലുവ അഗ്നിശമന സേനാംഗങ്ങൾ തീ പൂർണമായും അണച്ചു.

അവധി ദിവസമായതിനാൽ യാത്രക്കാർ കുറവായിരുന്നു. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ബസിന് മറ്റ് കേടുപാടുകളില്ല.