കൊച്ചി: സാമൂഹിക മുന്നേറ്റം ലക്ഷ്യമിടുന്ന പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം റിനൈ ഹോട്ടലിൽ സംഘടിപ്പിച്ച 'ഹീലിംഗ് കേരള" ഹെൽത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സത്യം പറഞ്ഞാൽ ആരും വിശ്വസിക്കാത്ത വർത്തമാന കാലഘട്ടത്തിൽ മാർക്കറ്റിംഗ് താത്പര്യങ്ങൾ പരിഗണിക്കാതെ സത്യത്തിനായി കേരളകൗമുദി നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണ്. ആരോഗ്യരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച കേരളം അപ്രതീക്ഷിത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ഇത്തരം പരിപാടികൾക്ക് പ്രാധാന്യമേറെയാണ്.

നവോത്ഥാന കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുവിനെപ്പോലുള്ള ജ്ഞാനികൾ പകർന്നുനൽകിയ വെളിച്ചവും ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയുടെ നയപരിപാടികളിലൂടെ കൈവരിച്ച വിദ്യാഭ്യാസ - സാമൂഹിക പുരോഗതിയുമാണ് എല്ലാ നേട്ടങ്ങൾക്കും അടിസ്ഥാനം. സർക്കാർ - സ്വകാര്യ മേഖലയിലെ ആശുപത്രികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംഭാവനകൾ കൂടിച്ചേരുന്നതാണ് കേരളത്തിന്റെ പൊതുജനാരോഗ്യരംഗമെന്നും മന്ത്രി പറഞ്ഞു.

കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംസാരിച്ചു. ബ്യൂറോ ചീഫ് ടി.കെ. സുനിൽ കുമാർ സ്വാഗതവും സീനിയർ മാർക്കറ്റിംഗ് മാനേജർ വി.കെ. സുഭാഷ് നന്ദിയും പറഞ്ഞു.

വി.പി.എസ് ലേക്‌ഷോർ ഗ്ലോബൽ ലൈഫ് കെയർ, എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, ആത്രേയ ഹോസ്പിറ്റൽ, റിനൈ മെഡ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.

ആരോഗ്യമേഖലയിൽ മികവ് പുലർത്തിയ തൃശൂർ എലൈറ്റ് മിഷൻ ഹോസ്പിറ്റൽ മാനേജിംഗ് പാർട്ണർ ഡോ.കെ.കെ. മോഹൻദാസ്, ആത്രേയ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. രാംകുമാർ മേനോൻ, തിരുവല്ല പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് പ്രൊഫസർ എമിറിറ്രസ് ഡോ. ആർ.എൻ. ശർമ്മ, വി.പി.എസ് ലേക്‌ഷോർ ആശുപത്രി യൂറോളജി ആൻഡ് റീനൽ ട്രാൻസ്‌‌പ്ലാന്റ് സീനിയർ കൺസൾട്ടന്റും വകുപ്പ് മേധാവിയുമായ ഡോ.ജോർജ് പി. എബ്രഹാം, കാലടി സായിശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, റിനൈ മെഡ്‌സിറ്റിക്കുവേണ്ടി വൈസ് പ്രസിഡന്റ് സിജോ വി.ജോസഫ് എന്നിവർക്ക് കേരളകൗമുദിയുടെ ഉപഹാരം മന്ത്രി വീണ ജോർജ് സമ്മാനിച്ചു.