കൊച്ചി: രാജ്യത്തെ ജനറൽ ആശുപത്രികളിൽ ആദ്യമായി എറണാകുളം ജനറൽ ആശുപത്രിയിൽ ഉടൻ ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളകൗമുദിയുടെ 113ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലാരിവട്ടം റിനൈ ഹോട്ടലിൽ വി.പി.എസ് ലേക്‌ഷോർ ഗ്ലോബൽ ലൈഫ് കെയർ, എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, ആത്രേയ ഹോസ്പിറ്റൽ, റിനൈ മെഡ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'ഹീലിംഗ് കേരള" ഹെൽത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കിഫ്ബി പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ കൊച്ചി ക്യാൻസർ സെന്റർ സെപ്തംബറിലോ ഒക്ടോബറിലോ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. കളമശേരി സ്ഫോടനം പോലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചി നഗരം നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കളമശേരി മെഡിക്കൽ കോളേജിൽ 100കോടിരൂപ ചെലവിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കും. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് നഗരവാസികളിലെ പ്രായമായവർക്ക് വ്യായായമുറകൾ ചെയ്യാൻ കൊച്ചി കോർപ്പറേഷനുമായി സഹകരിച്ച് സംവിധാനമൊരുക്കുന്ന കാര്യം ആരോഗ്യവകുപ്പിന്റെ പരിഗണനയിലുണ്ട്.
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച മികവുകളെക്കുറിച്ച് പറയുമ്പോഴും നാം നേരിടുന്ന വെല്ലുവിളികളും കാണാതെ പോകരുത്. ഉയർന്ന ജനസാന്ദ്രതയും തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളം ഒരു മഹാനഗരമായി വളർന്നതും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പൊതുജനാരോഗ്യ സംരക്ഷണത്തിന് കനത്ത വെല്ലുവിളിയാണ്. ഉയർന്ന ആയുർദൈർഘ്യം നേട്ടമായി പറയുമ്പോഴും ജീവിതശൈലി രോഗങ്ങളുട തോത് വർദ്ധിക്കുന്നതാണ് മറ്റൊരു വെല്ലുവിളി. ജീവിതശൈലി രോഗങ്ങളുള്ളവരെ സാക്രമികരോഗങ്ങൾ അതിവേഗം ആക്രമിക്കുന്നതായാണ് കണ്ടുവരുന്നത്. ഒരുകാലത്ത് കേരളം നിർമ്മാർജ്ജനം ചെയ്ത മലമ്പനിയും കോളറയും പോലുള്ള പകർച്ചവ്യാധികൾ അന്യസംസ്ഥാന തൊഴിലാളികളിലൂടെ തിരിച്ചുവരുന്നു എന്നതാണ് നാം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഈ വർഷം സംസ്ഥാനത്ത് സ്ഥിരീകരിച്ച 408 മലമ്പനി കേസുകളിൽ 404 എണ്ണവും അന്യസംസ്ഥാന തൊഴിലാളികളിലാണ്.
വവ്വാലുകളിൽ നിന്ന് പന്നിയിലേക്കും അവിടെ നിന്ന് മനുഷ്യരിലേക്കും പകർന്ന വൈറസാണ് നിപ്പ പടർത്തുന്നത് എന്നത് തെളിയിക്കപ്പെടാത്ത ഒരു നിഗമനമാണ്. എന്നാൽ ഇപ്പോഴും അതിന്റെ കാരണം കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ട് പഴവർഗങ്ങളിൽ വൈറസിന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിനുള്ള ഒരു പരീക്ഷണത്തിന് കേരളം തുടക്കം കുറിക്കുകയാണ്. ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ആർദ്രം പദ്ധതിയുടെ ഭാഗമായി 'ആരോഗ്യ ജീവന ക്യാമ്പയിൻ" ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.