acdnt

കോട്ടയം: കോട്ടയം - എറണാകുളം റോഡിൽ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 36 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരം. ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് പാലായ്ക്ക് വരികയായിരുന്ന ആവേമരിയ ബസാണ് അപകടത്തിൽപ്പെട്ടത്. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞ ശേഷം സമീപത്തെ അക്ഷയ കേന്ദ്രം കെട്ടിടത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് സമീപത്ത് നിന്ന് നിരവധി സ്വകാര്യ ആംബുലൻസുകളടക്കം സ്ഥലത്തെത്തി. പരിക്കേറ്റവരെ വെള്ളൂർ പൊലീസും വൈക്കം അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് പൊതിയിലെ സ്വകാര്യ ആശുപത്രിയിലും, വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ എരുമേലി സ്വദേശി ദേവേസിനെയും (18) മറ്റ് രണ്ട് പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. മണിക്കൂറുകളോളം ഗതാഗതവും തടസപ്പെട്ടു.


ബസുകളുടെ മരണപ്പാച്ചിൽ തുടർക്കഥ

കോട്ടയം - എറണാകുളം റൂട്ടിൽ ബസുകളുടെ മരണപ്പാച്ചിൽ തുടർക്കഥയാണ്. മുൻവർഷങ്ങളിലും സമാന രീതിയിൽ ആവേ മരിയ ബസ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. മുട്ടുചിറയിൽ നടന്ന അപകടത്തിൽ 19 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് ബസിടിച്ച് 18 കാരിയുടെ ജീവൻ പൊലിഞ്ഞതിനെ തുടർന്ന് വീട്ടമ്മമാരുടെ നേതൃത്വത്തിൽ ബസ് ജീവനക്കാർക്കെതിരെ ചൂലുമായി പ്രതിഷേധിച്ചിരുന്നു.