വരാപ്പുഴ: പെരിയാർ മത്സ്യക്കുരുതി സംബന്ധിച്ച് വിദഗ്ദ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി എസ്. ശർമ്മ പ്രകാശനം ചെയ്തു. പെരിയാറിൽ നടന്നത് രാസമാലിന്യം തള്ളിയതുമൂലമുള്ള കൂട്ടകുരുതിയാണെന്നും മറിച്ചുള്ള പ്രതികരണങ്ങൾ അംഗീകരിക്കില്ലെന്നും മത്സ്യമേഖല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പെരിയാറിൽ നടന്നത് വ്യവസായിക മാലിന്യം തള്ളിയത് മൂലമുള്ള സമാനതകളില്ലാത്ത പാരിസ്ഥിതിക ദുരന്തമാണെന്ന് റിപ്പോർട്ട് അവതരിപ്പിച്ച് ഡോ.ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു.
ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, പുരുഷൻ ഏലൂർ, സന്തോഷ് മുനമ്പം (മത്സ്യത്തൊഴിലാളി കോൺഗ്രസ് ), ബാബു കടമക്കുടി (എ.ഐ.ടി.യു.സി), ബേസിൽ (കെ.ആർ.എൽ.എൽ.സി.), എം.എൻ. ശിവദാസൻ (ജനത മത്സ്യത്തൊഴിലാളി യൂണിയൻ), പി.എസ്. ഷാജി (ബി.എം.പി.എസ്), എൻ.എ. ജെയിൻ (മത്സ്യത്തൊഴിലാളി ഐക്യവേദി ), കെ.കെ. തമ്പി (ധീവരസഭ ), സുബയ്യൻ (പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണസമിതി ) എന്നിവർ പ്രസംഗിച്ചു. വരാപ്പുഴ പഞ്ചായത്ത് അംഗം പോളി അദ്ധ്യക്ഷത വഹിച്ചു. ചാൾസ് ജോർജ്, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.