ഡോ.പത്മനാഭ ഷേണായ്
ആരോഗ്യരംഗത്ത് കേരളം ഇന്ന് നേരിടുന്ന വെല്ലുവിളികൾ വ്യത്യസ്തമാണ്. ആയുർദൈർഘ്യം കൂടുന്നു. പ്രായമേറിയവർ സംരക്ഷിക്കപ്പെടണം. പ്രവാസികൾ കൂടുതലുള്ള കേരളത്തിൽ ലോകത്തു പൊട്ടിപ്പുറപ്പെടുന്ന ഏതു വ്യാധിയും പെട്ടെന്നെത്താൻ സാദ്ധ്യതയേറെയാണ്. ജീവിത ശൈലീ രോഗങ്ങളും സാധാരണമായ സാഹചര്യത്തിൽ മുന്നോട്ടുള്ള പാത എങ്ങനെയാകണമെന്ന് ഗൗരവമായി ചിന്തിക്കണം.
ഡോ. രാജീവ് ജയദേവൻ
മുമ്പ് മെഡൽ കിട്ടിയതുകൊണ്ട് എന്നും മിടുക്കരാകുമെന്ന് ചിന്തിക്കരുത് എന്നൊരു ആപ്തവാക്യമുണ്ട്. കേരളാ മോഡലിന്റെ കാര്യത്തിലും അങ്ങനെയാണ്. ആരോഗ്യരംഗം പല ഭീഷണിണിയും നേരിടുകയാണ്. ഡെങ്കിപ്പനി അടുത്ത ആഗോള ഭീഷണിയാകുമെന്നാണ് ആശങ്ക. അതിനാൽ അടുത്ത 40 വർഷം മുന്നിൽക്കണ്ടുള്ള പദ്ധതി അനിവാര്യം.
ഡോ. ഗണേഷ് മോഹൻ
അടിസ്ഥാന വിഷയങ്ങളിൽ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉണ്ടാകുന്നില്ല. ഒരുമിച്ചു നിന്നാൽ മികച്ച നേട്ടങ്ങളുണ്ടാക്കാം. അക്കാര്യത്തിൽ ക്രിയാത്മക ചർച്ചയുണ്ടാകണം. കളമശേരി മെഡി. കോളേജിനോടനുബന്ധിച്ച് 400 കോടി രൂപയുടെ മാതൃ ശിശു സംരക്ഷണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും 250 കോടിയുടെ കൊച്ചിൻ ക്യാൻസർ സെന്ററും ഈ വർഷം തുറക്കും. ക്യാൻസർ സെന്റർ യാഥാർത്ഥ്യമാക്കുന്നതിൽ കേരളകൗമുദിയുടെ പങ്ക് നിസ്തുലമാണ്.
ഡോ. ജുനൈദ് റഹ്മാൻ
മാനവ വിഭവശേഷിയിലെ കുറവാണ് സർക്കാർ മേഖല നേരിടുന്ന പ്രശ്നം. ഗവ. ആശുപത്രി ഡോക്ടർമാർ ഒ.പി യിൽ ഉച്ചവരെയുള്ള സമയത്ത് 250 രോഗികളെയെങ്കിലും പരിശോധിക്കേണ്ടി വരുന്നു. സ്വകാര്യ ആശുപത്രികളിൽ ഈ കണക്ക് 50-60 ആണ്. ജീവനക്കാരുടെ കുറവ് നികത്തേണ്ടത് അടിയന്തര ആവശ്യമാണ്.
ഡോ. മുഹമ്മദ് ഹനീഷ്
കഴിവുള്ള ആരോഗ്യ പ്രവർത്തകർ കേരളം വിടുകയാണ്. അവരുടെ സ്വപ്നങ്ങൾ നിറവേറ്റാൻ അതാണ് നല്ലതെന്ന് അവർ കരുതുന്നു. പാരാമെഡിക്കൽ രംഗത്താണ് ഈ പ്രവണത കൂടുതൽ. ആത്മഹത്യ പ്രവണത, മയക്കുമരുന്നു പ്രശ്നം എല്ലാം സംസ്ഥാനത്ത് കൂടുതലാണ്. കേരളത്തിന് ഒരു സവിശേഷ ആരോഗ്യനയം അനിവാര്യമാണ്.
ഡോ.ആർ.എൻ. ശർമ്മ
ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. വ്യായാമം ചെയ്യുക. ഈ ശീലം പാലിക്കാൻ വീട്ടിലും സ്ക്കൂളിലും കുട്ടികളെ പരിശീലിപ്പിക്കണം. ആൽക്കഹോളിസമാണ് മറ്റൊരു പ്രശ്നം. സർക്കാർ തലത്തിൽ തന്നെ ഇതിന് പരിഹാര പദ്ധതിയുണ്ടാകണം.
ഡോ. രാംകുമാർ മേനോൻ
ആരോഗ്യരംഗത്ത് ഗവേഷണങ്ങൾ കുറവാണ്. ഇതിന് സ്വകാര്യ മേഖല മുന്നിട്ടിറങ്ങണം. പല കാര്യങ്ങളും നാലിലൊന്ന് ചെലവിൽ ഇന്ത്യയിൽ ചെയ്യാവുന്നതാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഇന്നൊവേഷൻ സെന്റുറകളുണ്ടാകണം.
ഡോ. കെ.കെ.മോഹൻദാസ്
ആരോഗ്യരംഗത്ത് സ്വകാര്യ മേഖല കടുത്ത മത്സരം നേരിടുകയാണ്. കേരളത്തിൽ 2500 സ്വകാര്യ ആശുപത്രികളുണ്ട്. 5 കൊല്ലത്തിനിടയിൽ ധാരാളം ക്ലിനിക്കുകളും തുറന്നു. കൊവിഡിന് ശേഷം ജനങ്ങളുടെ പേയിംഗ് കപ്പാസിറ്റി കുറഞ്ഞു. അതേസമയം എല്ലാ മികവോടും കൂടിയ ചികിത്സ ജനങ്ങൾ ആഗ്രഹിക്കുന്നു. ആശുപതി നടത്തിപ്പിന് വൻ ചെലവു വരുന്നു. വരുമാനം കൂടുന്നതുമില്ല. ചികിത്സാച്ചെലവ് കൂടുന്നുവെന്ന ചർച്ചകളിൽ ഇക്കാര്യങ്ങളും കണക്കിലെടുക്കണം.
ഡോ.എസ്. സുധീന്ദ്രൻ
വിദേശത്ത് ജോലി തേടുന്ന പല ആരോഗ്യ പ്രവർത്തകരും അവിടെ ബുദ്ധിമുട്ടുന്നുവെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് വ്യക്തമാകുന്നത്. ആരോഗ്യരംഗത്ത് ഇവിടെ വൻ കുതിപ്പാണുണ്ടാകുന്നത്. അവയവമാറ്റ ശസ്ത്രക്രിയയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണിപ്പോൾ കൊച്ചി. ഇവിടെ മിക്ക ഡോക്ടർമാരും അനാവശ്യമായ ടെസ്റ്റുകളും ഓപ്പറേഷനുകളും നടത്തി രോഗികളെ ബുദ്ധിമുട്ടിക്കാറില്ല.
ഡോ. ഷോൺ ടി. ജോസഫ്
ആരോഗ്യ അനുബന്ധ മേഖലകളിൽ മോശം പ്രവണതയുണ്ട്. മരുന്നുകൾ പലതിനും ഗുണനിലവാരമില്ല. ബ്രാൻഡഡ് അല്ലാത്ത ആന്റിബയോട്ടിക്കുകളുടെ നിലവാരമളക്കാൻ മാർഗവുമില്ല. ഗവേഷണങ്ങൾ അനിവാര്യമാണ്. ഇതിന് ഫണ്ടുകൾ ലഭ്യമാകാൻ എളുപ്പമല്ല. അതിനാൽ മാറ്റങ്ങളും വളരെ പതുക്കെയാണ്.