marady

മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത്‌ രണ്ടാം വാർഡിലെ കയനാട് മുണ്ടിയെത്തിൽ ബൈജുവിന്റെ കറവയുള്ള രണ്ട്പശുക്കളെയും ഒന്നര വർഷം പ്രായമുള്ള പശുക്കിടാവിനെയും ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വീടിനോട് ചേർന്നുള്ള തൊഴുത്തിലാണ് ഇവയെ കണ്ടെത്തിയത്. രാത്രി 11 വരെ യാതൊരു വിധ അസ്വസ്ഥതകളും കണ്ടിരുന്നില്ല. തൊഴുത്തിൽ അവശേഷിച്ച മറ്റൊരു പശുവിന് ഇപ്പോഴും യാതൊരു വിധ ആസ്വസ്ഥതകളും കാണുന്നില്ല. മാറാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പി.ബേബി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി .ജോളി എന്നിവരോടൊപ്പം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷമീം അബൂബക്കർ, മാറാടി വെറ്റിനറി സർജൻ ഡോ. ഷീന ജോസഫ് , ആയവന വെറ്റിനറി സർജൻ വിക്ടോ ജോബിൻ വർഗീസ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടത്തി ജഡം മറവു ചെയ്തു. ഒന്നരലക്ഷത്തിലേറെ വില വരുന്ന പശുക്കളാണ് ചത്തു പോയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം സാമ്പിളുകൾ മണ്ണൂത്തി വെറ്റിനറി കോളേജിലേക്കു അയക്കും. അവിടുന്നുള്ള പരിശോധന റിപ്പോർട്ട് കിട്ടിയതിനു ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് ഡോക്ടർമാർ പറഞ്ഞു.