paravur-nagarasabha-offic

പറവൂർ: ചാർജ് കൈമാറാതെയും അനുമതിയില്ലാതെയും നീണ്ട അവധിയെടുക്കുകയും ഔദ്യോഗിക മൊബൈൽ ഫോൺ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറാതെ പറവൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്ത സെക്രട്ടറി ജോ ഡേവീസിനെതിരെ ചെയർപേഴ്സൺ ബീന ശശിധരൻ വകുപ്പ് മന്ത്രിക്കും ജില്ലാ ജോയിന്റ് ഡയറക്ടർക്കും പരാതി നൽകി. പറവൂർ നഗരസഭാ താത്പര്യങ്ങൾക്കും കൗൺസിൽ തീരുമാനങ്ങൾക്കും വിരുദ്ധമായ പ്രവർത്തിച്ചെന്ന് ആരോപിച്ച് സെക്രട്ടറിക്ക് കഴിഞ്ഞ നാലിന് ചെയർപേഴ്സൺ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പതിനഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു നി‌ർദ്ദേശം. നോട്ടീസ് കൈപ്പറ്റിയ ശേഷം മറ്റൊരു ഉദ്യോഗസ്ഥന് ചാ‌‌ർജ് കൈമാറി സെക്രട്ടറി അവധിയിൽ പ്രവേശിച്ചു. കഴിഞ്ഞ പതിനേഴിനെത്തി വിശദീകരണം നൽകിയ ശേഷം വീണ്ടും അവധിയെടുത്തു. ചാർജ് കൈമാറിയപ്പോൾ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് മുഴുവൻ ചുമതലകൾ നൽകിയില്ല. ഔദ്യോഗിക ഫോൺ കൈമാറാത്തതിനാൽ കെ. സ്മാർട്ട്, ബാങ്ക്, പെർമിറ്റ് തുടങ്ങിയ സേവനങ്ങളുടെ വെരിഫിക്കേഷൻ സന്ദേശം ലഭിക്കുന്നില്ല. സെക്രട്ടറിയുടെെ ലോഗിൻ ഐ.ഡിയും പാസ്‌വേഡും കൈമാറിയില്ല. ഇതുമൂലം നഗരസഭയുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടതായും പരാതിയിൽ പറയുന്നു.

കെ.എ.എസ് കേഡറിൽ നിന്ന് ആദ്യ പോസ്റ്റിംഗായി കഴിഞ്ഞ വർഷം ജൂലായിലാണ് പറവൂർ നഗരസഭാ സെക്രട്ടറിയായി ജോ ഡേവീസ്ചുമതലയേറ്റത്.

------------------------------------------------------------------

കാരണം കാണിക്കൽ നോട്ടീസിൽ

പത്ത് ആരോപണങ്ങൾ

നഗരസഭ മന്ദിരത്തിന് മുകളിലെ നിലയിൽ നിർമ്മിച്ച സ്റ്റോർ റൂം പൊളിച്ചുമാറ്റണമെന്ന ഓംബുഡ്സ്മാൻ വിധിക്കെതിരെ അപ്പീൽ നൽകാൻ നഗരസഭ സെക്രട്ടറി, മുനിസിപ്പൽ എൻജിനിയർ എന്നിവരെ കൗൺസിൽ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ സെക്രട്ടറി ഈ തീരുമാനം അംഗീകരിച്ചില്ല എന്നതടക്കം പത്ത് കാര്യങ്ങളാണ് കഴിഞ്ഞ നാലിന് ചെയർപേഴ്സൺ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസ് 17ന് മറുപടി നൽകിയെങ്കിലും തൃപ്തികരമല്ലെന്നാണ് ഭരണപക്ഷത്തിന്റെ വിലയിരുത്തൽ. തുടർ നടപടിയുടെ ഭാഗമായാണ് മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരിക്കുന്നത്. നേരത്തെ നവകേരള സദസിന് കൗൺസിലിന്റെ അനുമതിയില്ലാതെ തുക നൽകിയ സെക്രട്ടറിയുടെ നടപടിക്കെതിരെ ചെയർപേഴ്സൺ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നിർദേശത്തെ തുടർന്ന് തുക തിരിച്ചടച്ചിരുന്നു.