house

കൊച്ചി: 'പൊന്നു മോനേ... നീ വിളിച്ചപ്പോൾ അമ്മയ്ക്ക് ഫോണെടുക്കാൻ പറ്റിയില്ലല്ലോടാ...' ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിലെ ബേസ്‌മെന്റിൽ വെള്ളംകയറിയുണ്ടായ അപകടത്തിൽ മകൻ നെവിൻ മരിച്ചതറിഞ്ഞ് അമ്മ ഡോ. ടി.എസ്. ലാൻസ്ലെറ്റിന്റെ പൊട്ടിക്കരച്ചിൽ കാലടി മുണ്ടങ്ങാമറ്റത്തെ വീട്ടിലെത്തിയവരുടെ ഉള്ളുലച്ചു. റിട്ട. ഡിവൈ.എസ്.പിയായ പിതാവ് ഡാൽവിൻ സുരേഷിന്റെ മൗനവും കരളുപിളർത്തി. ദുരന്തം നടന്ന ശനിയാഴ്ച നെവിൻ വിളിച്ചപ്പോൾ അമ്മയ്ക്ക് എടുക്കാൻ സാധിച്ചിരുന്നില്ല.

ആലുവ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ദമ്പതികൾ കുർബാന കഴിഞ്ഞ് വിശ്രമിക്കവേയാണ് ഇന്നലെ രാവിലെ 11.15ന് കപ്യാർ സിജോ ടി.വിയിലെ വാർത്ത കണ്ട് അപകടവിവരം പറഞ്ഞത്. ആലുവ മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ അദ്ധ്യാപികയായ മകൾ നെസിയെ ഹോസ്റ്റലിൽ നിന്ന് ഒപ്പംകൂട്ടിയാണ് ഇരുവരും 9 മണി കുർബാനയ്ക്ക് വന്നത്. ദുരന്തവിവരം ആദ്യം ഡാൽവിനെ അറിയിച്ചു. ലാൻസ്ലെറ്റിനെയും നെസിയെയും പള്ളി വികാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയാണ് വിയോഗം വെളിപ്പെടുത്തിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ലാൻസ്ലെറ്റ് അവശയായി. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. മൂന്ന് മണിക്ക് ശേഷമാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

പഠനത്തിൽ മിടുക്കനായിരുന്നു നെവിൻ. ബംഗളൂരു ക്രൈസ്റ്റ് കോളേജിൽ നിന്ന് മ്യൂസിയോളജി ആൻഡ് ആർക്കിയോളി ഡിഗ്രി പഠന ശേഷമാണ് ഡൽഹി ജെ.എൻ.യുവിലെ സ്കൂൾ ഒഫ് ആർട്ട്സ് ആൻഡ് ഏസ്തെറ്റിക്സിൽ വിഷ്വൽ സ്റ്റഡീസ് എം.ഫിൽ പ്രോഗ്രാമിന് 2019ൽ ചേർന്നത്. തുടർന്ന് അവിടെ ഗവേഷക വിദ്യാർത്ഥിയായി. തീസിസ് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഐ.എ.എസ് മോഹം മനസിൽ സൂക്ഷിച്ചിരുന്നതിനാലാണ് പാർട്ട് ടൈം കോച്ചിംഗിന് ചേർന്നത്.

12 വർഷം മുമ്പാണ് കുടുംബം മലയാറ്റൂർ നീലീശ്വരം മുണ്ടാങ്ങമറ്റം കപ്പേളയ്ക്ക് സമീപം താമസമാരംഭിച്ചത്. ലാൻസ്ലറ്റിന് കാലടി സംസ്കൃത സർവ്വകലാശാലയിൽ ജ്യോഗ്രഫി വിഭാഗത്തിൽ പ്രൊഫസറായി ജോലി ലഭിച്ചതോടെ താമസം മുണ്ടങ്ങാമറ്റത്തേയ്ക്ക് മാറ്റുകയായിരുന്നു. പിന്നീട് വകുപ്പ് മേധാവിയും സിൻഡിക്കേറ്റ് അംഗവുമായി. തിരുവനന്തപുരം തിരുമല സ്വദേശിയായ ഡാൽവി സുരേഷ് കെ.എ.പി ബറ്റാലിയനിലൽ ഡിവൈ.എസ്.പിയായാണ് വിരമിച്ചത്.