കൊച്ചി: ശ്രീരാമന് മുന്നിൽ ഹനുമാനെപ്പോലെയാണ് ന്യൂനപക്ഷങ്ങളുടെ മുന്നിൽ കേരളത്തിലെ ഇടതു - വലതു മുന്നണികളെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച അശ്വത്ഥം - ആശാത്മായനം പരിപാടി പാലാരിവട്ടം കുമാരനാശാൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ളീം ലീഗിന്റെയും കേരളകോൺഗ്രസിന്റെയും സേവകരെപ്പോലെയാണ് ഇടതു - വലതു മുന്നണികൾ. വോട്ടുബാങ്കുകളുടെ ബലത്തിൽ ഇവർക്ക് സ്ഥാനമാനങ്ങൾ വാരിക്കോരി കൊടുക്കുകയാണ്. മുന്നണികൾ നാമനിർദേശം ചെയ്യുന്ന 9 രാജ്യസഭാ സീറ്റുകളിൽ ഒന്നുപോലും പിന്നാക്ക, പട്ടികവിഭാഗക്കാർക്ക് നൽകിയില്ല. അഞ്ച് സീറ്റ് മുസ്ളീങ്ങൾക്കും രണ്ടെണ്ണം ക്രൈസ്തവർക്കും സമർപ്പിച്ചു. പി.എസ്.സി അംഗത്വം, 14 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, സർക്കാരിന്റെ വിവിധ കോർപ്പറേഷനുകൾ എന്നിവയിൽ എത്രയെണ്ണം ന്യൂനപക്ഷങ്ങൾക്ക് നൽകിയെന്ന് പരിശോധിച്ചാൽ ഇരട്ടത്താപ്പ് മനസിലാകും.
ഭൂരിപക്ഷ, പിന്നാക്ക, പട്ടികവിഭാഗക്കാർക്ക് ഇന്നുവരെ തുല്യനീതി ലഭിച്ചിട്ടില്ല. കേരളത്തിൽ വീടില്ലാത്തവരും പുറമ്പോക്കിൽ കഴിയുന്നവരും പിന്നാക്കക്കാരും പട്ടികവിഭാഗക്കാരും മാത്രമാണ്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത് മുസ്ളീങ്ങളുടെ വോട്ടുകളാണ്. കേന്ദ്രത്തിൽ നിന്ന് ബി.ജെ.പിയെ ഒഴിവാക്കാൻ വേണ്ടി ഇടതുപക്ഷത്തെ മുസ്ളീങ്ങൾ പോലും കോൺഗ്രസിനാണ് വോട്ടു ചെയ്തത്. കെ.സുധാകരനും അടൂർ പ്രകാശും ജയിച്ചുകയറിയതിനും ആലപ്പുഴയിൽ എ.എം. ആരിഫ് തോറ്റതിനും പിന്നിൽ ഈ പ്രതിഭാസമാണ്.
ന്യൂനപക്ഷപ്രീണനം തുറന്നുപറഞ്ഞതിനാണ് തന്നെ മുസ്ളീംവിരുദ്ധനായി ചിത്രീകരിച്ച് ക്രൂശിക്കാൻ ശ്രമിക്കുന്നത്. നവോത്ഥാന സമിതിയിൽ നിന്നുള്ള മുസ്ളീം നേതാക്കളുടെ രാജി മോങ്ങാനിരുന്ന നായിന്റെ തലയിൽ തേങ്ങ വീണതിന് സമാനമാണ്. പാലായിലെ വികാരിയെ ന്യൂനപക്ഷയുവാക്കൾ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും നവോത്ഥാനക്കാർ വെറുതേവിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഷഷ്ടിപൂർത്തി പിന്നിട്ട നാനൂറോളം മുൻ ശാഖായോഗം ഭാരവാഹികളെ വെള്ളാപ്പള്ളി ആദരിച്ചു. ഉന്നത വിജയം നേടിയ 300 ഓളം വിദ്യാർത്ഥികളെയും അനുമോദിച്ചു.
കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, വൈസ് ചെയർമാൻ സി.വി. വിജയൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, എൽ. സന്തോഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, വനിതാസംഘം ചെയർപേഴ്സൺ ഭാമ പത്മനാഭൻ, സൈബർ സേന കൺവീനർ റെജി വേണുഗോപാൽ, എംപ്ളോയീസ് ഫോറം പ്രസിഡന്റ് സുരേഷ്, പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. രാജൻ ബാനർജി, വൈദികയോഗം സെക്രട്ടറി സനോജ് ശാന്തി, കുമാരിസംഘം വൈസ് പ്രസിഡന്റ് പ്രാർത്ഥന പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.