പെരുമ്പാവൂർ: കാടുകയറി മൂടിയ ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലുള്ള വെയ്റ്റിംഗ് ഷെഡിന്റെ പരിസരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇതിന്റെ പരിസരത്ത് ഇഴജന്തുക്കളെ സ്ഥിരമായി കാണാറുള്ളതായി സമീപത്തുള്ള കച്ചവടക്കാരും നാട്ടുകാരം പറയുന്നു. കഴിഞ്ഞ ഒന്നരവർഷം മുൻപ് വൃത്തിഹീനമായ ഈ വെയ്റ്റിംഗ് ഷെഡ് പുരോഹിതനും സാഹിത്യകാരനമായ ഡീക്കൺ ഡോ.ടോണി മേതല വൃത്തിയാക്കിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നത്. ഇതേത്തുടർന്ന് അധികൃതർ അന്ന് തുടർനടപടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അതിലും കാടുപിടിച്ച് കിടക്കുകയാണ് വെയ്റ്റിംഗ് ഷെഡിന്റെ ഇരുവശവും. മാത്രമല്ല രാത്രിയും പകലും ഭിക്ഷക്കാരടക്കമുള്ള ചിലർ കിടന്നുറങ്ങുകയും വലിയ ചാക്ക്കെട്ടുകളിലും കൊണ്ടുവരുന്ന മാലിന്യങ്ങൾ നിരത്തിയിടുകയും ചെയ്യുന്നു. ഇതോടെ യാത്രക്കാർക്ക് ഇവിടെ കയറി നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വെയിറ്റിംഗ് ഷെഡിനുള്ളിൽ ഭിത്തിയും ഇരിപ്പിടവും വൃത്തിഹീനവുമാണ്. ആശ്രമം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കം നിരവധി പേരാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. അതുപോലെ ഇരിങ്ങോൾ പോസ്റ്റാഫീസ്പടി സ്റ്റോപ്പിലുള്ള ബസ് കാത്തുനില്പ് കേന്ദ്രവും കാട് പിടിച്ച് കിടക്കുകയാണ്. വിദ്യാർത്ഥികളും ജോലിക്കാരും മറ്റ് യാത്രക്കാരും ആശ്രയിക്കുന്ന വെയ്റ്റിംഗ് ഷെഡാണ് ഇത്. ഇരിങ്ങോൾ കാവും ഇതിനടുത്താണ്.
കാറ്റും മഴത്തും പേടിക്കാതെ കയറി നിൽക്കാൻ വെയ്റ്റിംഗ് ഷെഡുകൾ വൃത്തിയായി സൂക്ഷിക്കണം. ഇതിന് അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണം
ഡീക്കൻ ഡോ. ടോണി മേതല