കൊച്ചി: രാജ്യമൊട്ടാകെ വൻ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര ജാവ യെസ്ഡി ദിനത്തിന്റെ 22ാമത് പതിപ്പ് ആഘോഷിച്ചു. വിവിധ സ്ഥലങ്ങളിലായി അയ്യായിരത്തിലധികം മോട്ടോർ സൈക്കിൾ പ്രേമികളും, വിന്റേജ് ബൈക്ക് പ്രേമികളും ആഘോഷത്തിന്റെ ഭാഗമായി. ബംഗളൂരു, ഡൽഹി എൻ.സി.ആർ, കൊച്ചി, പൂനെ, ചെന്നൈ, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ ഏഴിലധികം നഗരങ്ങളിൽ വിപുലമായ ആഘോഷങ്ങൾ നടന്നു. വിവിധ മോട്ടോർ സൈക്കിൾ ക്ലബ്ബുകളുടെയും കമ്മ്യൂണിറ്റികളുടെയും പിന്തുണയോടെ, ജാവ യെസ്ഡി മോട്ടോർ സൈക്കിൾ ഉടമകളാണ് പതിറ്റാണ്ടുകളായി റൈഡർമാരുടെ ഹൃദയം കവർന്ന ഈ ഐതിഹാസിക ബ്രാൻഡിനോട് സ്‌നേഹം പങ്കുവയ്ക്കുന്നതിന് ജാവ യെസ്ഡി ദിനാഘോഷം സംഘടിപ്പിക്കുന്നത്.
വിന്റേജ് മോട്ടോർസൈക്കിൾ എക്‌സിബിഷനുകൾ, ഗ്രൂപ്പ് റൈഡുകൾ, സാങ്കേതിക ശിൽപ്പശാലകൾ, വ്യവസായ വിദഗ്ധരുമായി സംവാദ സെഷനുകൾ തുടങ്ങിയവ ഒത്തുചേരലിനെ കൂടുതൽ ആകർഷകമാക്കി. വിന്റേജ് ജാവ, യെസ്ഡി മോട്ടോർസൈക്കിളുകളും ചടങ്ങുകളിൽ പ്രദർശിപ്പിച്ചു. ഏറ്റവും പുതിയ യെസ്ഡി റോഡ്കിംഗ്സ് വരെയുള്ള ക്ലാസിക് കളക്ടർ മോട്ടോർ സൈക്കിളുകളുടെ ശേഖരം ബംഗളൂരു പതിപ്പിൽ പ്രദർശിപ്പിച്ചു.
ഈ മോട്ടോർസൈക്കിളുകൾ ഇന്ത്യൻ റൈഡിംഗ് കമ്മ്യൂണിറ്റിയിൽ ചെലുത്തുന്ന വലിയ സ്വാധീനത്തിന്റെ തെളിവാണ് അന്താരാഷ്ട്ര ജാവ യെസ്ഡി ദിനമെന്ന് ക്ലാസിക് ലെജൻഡ്‌സ് സി.ഇ.ഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു.