ചോറ്റാനിക്കര: കുടുംബശ്രീയുടെ ചിറകിലേറി ന്യൂഡൽഹിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനൊരുങ്ങുകയാണ് 51കാരി നതാഷ ബാബുരാജ്. സംസ്ഥാനത്ത് കുടുംബശ്രീയിലൂടെ ക്ഷണം ലഭിച്ച നാലുപേരിൽ ഒരാളാണ് എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് എ.ഡി.എസ് സെക്രട്ടറിയും സംരംഭകയുമായ നതാഷ.
15-ാം വയസിൽ സ്വന്തമായി വരുമാനം കണ്ടെത്താൻ തുടങ്ങിയതാണ് ആലപ്പുഴ പാതിരപ്പള്ളി സ്വദേശിനിയായ നതാഷ. ക്ലബ് മുഖേന 100 ആന്തൂറിയംവീട്ടിൽ കൃഷി ചെയ്തായിരുന്നു തുടക്കം. ആന്തൂറിയത്തിന്റെ പൂവ് വിറ്റ് വരുമാനമുണ്ടാക്കി തുടങ്ങി. പ്രീഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. മൂന്നാറിൽ നിന്നെത്തിക്കുന്ന ചായപ്പൊടി കൊണ്ട് ടീബാഗ് നിർമ്മിച്ചും ഓലമെടഞ്ഞ് ആവശ്യക്കാർക്ക് നൽകിയും വരുമാനം ഉറപ്പുവരുത്തി.
എടയ്ക്കാട്ടുവയൽ വെളിയനാട് ഇടപ്പറമ്പിൽ ബാബുരാജിന്റെ ഭാര്യയായി 31വർഷം മുമ്പാണ് ഇവിടെയെത്തുന്നത്. 16 വർഷംമുമ്പ് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കൂൺകൃഷി പരിശീലനമാണ് വീണ്ടും സ്വന്തം വരുമാനമെന്ന സ്വപ്നത്തിന് കരുത്തേകിയത്. ചെറിയതോതിൽ കൂൺ ഉത്പാദിപ്പിച്ച് തുടക്കം. ആവശ്യക്കാരേറിയപ്പോൾ 600ലധികം ബെഡ് ഉൾക്കൊള്ളുന്ന രണ്ട് ഫാമുകൾ നിർമ്മിച്ചു. ആവശ്യക്കാർക്ക് കൂൺബെഡ് തയ്യാറാക്കി നൽകുകയും ചെയ്തു. കൂൺ കൃഷിയോടൊപ്പം ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണയും ഉരുക്ക് വെളിച്ചെണ്ണയും ചങ്ങലംപരണ്ട എന്ന ആയുർവേദസസ്യം ഉപയോഗിച്ച് ചമ്മന്തിപ്പൊടി നിർമ്മാണവും ആരംഭിച്ചു. ഭർത്താവും അദ്ദേഹത്തിന്റെ പിതാവും ചേർന്ന് ആരംഭിച്ച കീർത്തി സ്റ്റീൽ ഫർണിച്ചർ എന്നതിൽനിന്ന് തന്റെ ജൈവ ഉത്പന്ന സംരംഭത്തിനും പേരിട്ടു, കീർത്തി.
കുടുംബശ്രീ വിപണനമേള വഴിയും സൗഹൃദങ്ങൾ വഴിയുമാണ് പ്രധാന കച്ചവടം. ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളായ കൃഷ്ണനും ലീലയും മക്കളായ അഭിജിത്തും ഹരിപ്രിയയും കൂട്ടായുണ്ട്. കെ.എസ്.ഇ.ബി ജീവനക്കാരനായ ബാബുരാജ് ജോലിയിൽനിന്ന് വിരമിച്ചതോടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വ്യാവസായികമായി നിർമ്മിച്ച് വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുകയാണ് നതാഷ.
എൻ.ആർ.എൽ.എം പദ്ധതി പ്രകാരം കുടുംബശ്രീവഴി നടക്കുന്ന ലാക്പതി ദീദി സർവേയിൽ സംരംഭത്തിലൂടെ കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അവസരം ലഭിച്ചത്.
* തുടക്കം ആന്തൂറിയം കൃഷിയിലൂടെ
* ടീ ബാഗ് നിർമ്മാണം
* കൂൺകൃഷി, കൂൺബെഡ് നിർമ്മാണം
* ആട്ടിയവെളിച്ചെണ്ണ, വെന്ത വെളിച്ചെണ്ണ
* ചങ്ങലംപരണ്ട ചമ്മന്തിപ്പൊടി നിർമ്മാണം