കൊച്ചി/കോലഞ്ചേരി: യു.എ.പി.എ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് കൽപ്പറ്റ സ്വദേശി സോമൻ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എ.ടി.എസ്) പിടിയിൽ. കഴിഞ്ഞദിവസം രാത്രി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് കബനിദളം അംഗം തൃശൂർ സ്വദേശി മനോജിനെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് കഴിഞ്ഞയാഴ്ച എ.ടി.എസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സോമന്റെ അറസ്റ്റ്. സോമനെ നെടുമ്പാശേരി എ.ടി.എസ് ആസ്ഥാനത്ത് ചോദ്യംചെയ്തുവരികയാണ്.
അതേസമയം, വയനാട്ടിൽ നിന്ന് കാടിറങ്ങിയ മാവോയിസ്റ്റ് സംഘാംഗത്തിനായി എ.ടി.എസ് വടവുകോട് മേഖലയിലെ മൂന്നുപേരുടെ വീടുകളിൽ പരിശോധന നടത്തി. സോമനും മനോജിനുമൊപ്പം കാടിറങ്ങിയതായി സംശയിക്കുന്നയാൾക്കു വേണ്ടിയാണ് പരിശോധനയെന്നാണ് വിവരം.