കൊച്ചി: എസ്.എൻ.ഡി.പി യോഗം വൈറ്റിലശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കം തുടങ്ങി. ലോകസമാധാനം ശ്രീനാരായണ ധർമ്മത്തിലൂടെ എന്ന വിഷയത്തിൽ ഊന്നിയാണ് ജയന്തി ആഘോഷമെന്ന് ഭാരവാഹികൾ പറഞ്ഞു. 20ന് രാവിലെ 10ന് പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തിൽനിന്ന് ജയന്തി ഘോഷയാത്ര ആരംഭിക്കും. 11ന് ശാഖാമന്ദിരത്തിൽ ചേരുന്ന സമ്മേളനം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് ജയന്തിസന്ദേശം നൽകും. ശാഖാ പ്രസിഡന്റ് ടി.ജി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കും.

കോർപ്പറേഷൻ കൗൺസിലർമാരായ സുനിത ഡിക്സൺ ഓണപ്പുടവ വിതരണവും സി.ഡി. ബിന്ദു പെൻഷൻ വിതരണവും നിർവഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, ഡിഗ്രി, പി.ജി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, എം.ബി.ബി.എസ് വിജയികൾ എന്നിവർക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.