curv

കൊച്ചി: രാജ്യത്തെ ആദ്യത്തെ എസ്.യു.വി കൂപ്പെയായ ടാറ്റ കർവ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ, വൈദ്യുതി മോഡലുകളിൽ ടാറ്റ കർവ് ലഭിക്കും. എസ്.യു.വിയുടെ കരുത്തും പ്രായോഗികതയും കൂപ്പെയുടെ സൗന്ദര്യവും സ്‌പോർട്ടി ലുക്കും സമന്വയിപ്പിക്കുന്ന വാഹനമാണിത്. ആഗസ്റ്റ് ഏഴിന് നിരത്തിലിറക്കുന്ന വാഹനം ടാറ്റ മോട്ടോഴ്‌സിന്റെ മൾട്ടിപവർ ട്രെയിൻ സ്ട്രാറ്റജിയെ അടിസ്ഥാനമാക്കിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ആദ്യം ഇ.വിയിലും തുടർന്ന് ഐ.സി.ഇ വേർഷനിലും ലഭ്യമാകും. പുതിയ മോഡലിലൂടെ മിഡ് എസ്.യു.വി വിഭാഗത്തിൽ ടാറ്റയുടെ സാന്നിദ്ധ്യം അടിവരയിടുന്ന വാഹനമാണിത്.

മികച്ച പ്രകടനവും മനോഹരമായ ഡിസൈനും ഉറപ്പുനൽകുന്നതുമാണ് പുതിയ വാഹനമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.

ആകർഷകമായ രൂപകല്പന, പ്രായോഗികത, മികച്ച പ്രകടനം എന്നിവ ഉറപ്പുനൽകുന്നു. ബോക്‌സി ഡിസൈനിൽ നിന്ന് വ്യത്യസ്തമായി എയറോഡൈനാമിക് തീമിലാണ് രൂപകല്പന. ഉയർന്ന റൈഡിംഗ് പൊസിഷൻ, ശക്തമായ ക്ലാഡിംഗ്, ഡൈനാമിക് അനുപാതങ്ങൾ വാഹനത്തെ ആകർഷകമാക്കുന്നു. വലിയ വീലുകൾ, ഡിപ്പാർച്ചർ ആംഗിൾ, വർദ്ധിച്ച ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ബാലൻസ് ഉറപ്പുവരുത്തുന്നു. വെർച്വൽ സൺറൈസ്, ഗോൾഡ് എസെൻസ് നിറങ്ങളിൽ ലഭിക്കും.

ദൂരയാത്രകൾ ഇഷ്ടപെടുന്ന കുടുംബങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്തതിനാൽ ആധുനികവും ലളിതവുമായ ഇന്റീരിയർ ഡിസൈൻ, സ്റ്റോറേജ് സ്ഥലം കുറയ്ക്കാതെ വിശാലമായ ക്യാബിൻ സ്‌പേസ് ഉറപ്പാക്കുന്നു. എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ബൂട്ട് സ്‌പേസ് ക്രമീകരിച്ചിരിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ല.