കൂത്താട്ടുകുളം: കൂത്താട്ടുകുളം ഇടയാർ റോഡിൽ കിഴകൊമ്പ് ഫാർമേഴ്സ് ബാങ്കിന് സമീപമുള്ള കണ്ടത്തിൽപടി കവലയിൽ റോഡിന്റെ വീതി കുറവും തടസങ്ങളും വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. അമ്പാട്ട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കണ്ടത്തിൽപടിയിയിലുളള റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് വീതി വളരെ കുറവാണ്. ഒരു വശത്ത് ഇലക്ട്രിക് പോസ്റ്റും വെള്ളം ഒഴുകുന്ന ലീഡിങ് ചാനലും മറുവശത്ത് ചേർന്നു നിൽക്കുന്ന മതിലും റോഡിനെ ഇടുങ്ങിയതാക്കുന്നു. ഇതുമൂലം ഇടയാർ റോഡിലൂടെ വരുന്ന വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ നിയന്ത്രണം തെറ്റുന്നത് പതിവാണ്. അമ്പാട്ട് ഭാഗത്ത് നിന്ന് ഇരുചക്ര വാഹനമടക്കം ഇടയാർ റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഇതിലെ കടന്നുപോകുന്ന വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കാൻ കഴിയാതെ വരുന്നു. പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഇരുവശത്തുമുള്ള വളവുകൾ മൂലം എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാതെയും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട് . ഒരു സ്വകാര്യ സ്ഥാപനം ഇവിടെ സ്ഥാപിച്ചിരുന്ന കോൺകേവ് മിറർ ഇപ്പോൾ പൊട്ടിയ നിലയിലാണ്. റോഡരികിൽ തടസമായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി ഈ ഭാഗം വീതി കൂട്ടി അപകടം സാദ്ധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.