മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ യുവജനക്ഷേമത്തിന് വലിയ ഊന്നൽ കൊടുത്ത നൂതനമായ തൊഴിൽ നയം യഥാർത്ഥത്തിൽ ഇന്ത്യൻ യുവതയ്ക്ക് ആവശ്യമായ ഒന്നാണ്. സി.എസ്. ആർ ഫണ്ട് വിഹിതത്തിൽ നിന്ന് യുവജനങ്ങളുടെ ഇന്റേൺഷിപ്പ് പദ്ധതി അഥവാ പ്രാഥമിക തൊഴിൽ നൈപുണ്യ വികസനത്തിന് പണം ചെലവഴിക്കാം എന്ന തീരുമാനം ചരിത്രപരമായ ഒന്നാണ്.
വ്യവസായശാലകളുടെയും സ്ഥാപനങ്ങളുടെയും വാർഷിക ലാഭവിഹിതം സാമൂഹിക ഉന്നമനത്തിനായി ചെലവഴിക്കുക എന്നതാണ് സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര കമ്പനി ആക്ട് (2013) പ്രകാരം പ്രവർത്തിക്കുന്ന വ്യവസായശാലകളും, സ്ഥാപനങ്ങളും മൂന്നു വർഷം തുടർച്ചയായി ലാഭത്തിലാണെങ്കിൽ സി.എസ്.ആർ നിയമപ്രകാരം വാർഷിക ലാഭത്തിന്റെ നിശ്ചിത വിഹിതം സാമൂഹിക ഉന്നമനത്തിനായി സംഭാവന ചെയ്യണമെന്നാണ് ണ് നിയമം അനുശാസിക്കുന്നത്.
ഈ സി.എസ്.ആർ തുക നിയമവിധേയമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാത്രമല്ല, അതത് വ്യവസായശാലകളുടെ സാമൂഹിക സംരംഭങ്ങൾക്കായും വിനിയോഗിക്കാമെന്നതാണ് കേന്ദ്ര കമ്പനി ആക്ടിലെ വ്യവസ്ഥ. അതത് കാലയളവുകളിൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന ചില മേഖലകളിലാണ് സി.എസ്.ആർ ഫണ്ട് വിനിയോഗത്തിന് ഊന്നൽ നൽകേണ്ടത്.
രാജ്യത്ത്, ഇന്ന് സർക്കാർ നിയന്ത്രണത്തിലുള്ള വ്യവസായശാലകളും, സ്വകാര്യ സ്ഥാപനങ്ങളും ഒരു പോലെ സി. എസ്.ആർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. സി.എസ്.ആർ സാമ്പത്തിക സഹായം ഇതുവരെ നൽകി വന്നിട്ടുള്ള മേഖലകൾ ഇവയാണ്. ദാരിദ്ര്യം/ പട്ടിണി നിർമ്മാർജനം, സ്ത്രീ ശാക്തീകരണം അഥവാ ലിംഗ സമത്വം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, വിരമിച്ച സൈനികരുടെ ക്ഷേമം, സാമൂഹിക ആരോഗ്യ ക്ഷമതാ ഉന്നമനം ലക്ഷ്യമാക്കിയുള്ള പരിപാടികൾ, പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭവശേഷി വർദ്ധനം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷണം, പരിസ്ഥിതി പരിപാലനവും സന്തുലിത വികസനവും ഉദ്ദേശിച്ച് ആരംഭിക്കുന്ന സംരംഭ നടത്തിപ്പ്, ഗ്രാമങ്ങളുടെ അടിസ്ഥാന വികസനം, സമൂഹത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക വിഭാഗങ്ങളുടെ സമഗ്ര പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതി നിർവഹണം.
പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ട ഈ പദ്ധതികളിൽ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ശക്തിയായ യുവജനങ്ങൾക്ക് നേരിട്ടുള്ള പ്രയോജനങ്ങൾ ഇതുവരെ ലഭിച്ചിരുന്നില്ല. അഭ്യസ്തവിദ്യരായ യുവജനങ്ങൾ എന്നും നേരിട്ട വെല്ലുവിളിയാണ് ജോലി. ഇതിന് വളരെയധികം സഹായകമാകുന്ന തൊഴിൽ നൈപുണ്യ സമ്പാദനവും യുവജനങ്ങളുടെ മുന്നിൽ എന്നും വലിയ സമസ്യയായിരുന്നു. യുവജനങ്ങളുടെ പ്രാഥമിക തൊഴിൽ നൈപുണ്യ വികസനത്തിന് സി.എസ്.ആർ പണം ചെലവഴിക്കാമെന്ന തീരുമാനം ചെറുപ്പക്കാർക്ക് പ്രയോജനകരമാകുന്നത് അതുകൊണ്ടാണ്.
സ്ഥാപനങ്ങൾ നടത്തുന്ന ഇന്റേൺഷിപ്പ് പരിപാടികൾക്ക് പരിമിതികൾ ഏറെയുണ്ട്. തൊഴിൽ നൈപുണ്യം നേടുവാനെത്തുന്ന അഭ്യസ്തവിദ്യരുടെ സാമ്പത്തിക ആവശ്യങ്ങൾ ഒരു വശത്തും, സ്ഥാപനങ്ങളും വ്യവസായശാലകളും ഒരുക്കുന്ന സ്ഥല, സംവിധാന അസൗകര്യങ്ങൾ മറുവശത്തും ഇന്റേണുകളെ വല്ലാതെ അലട്ടുന്ന കാഴ്ചയാണ്. ഇപ്പോൾ ഇത്തരത്തിൽ ഇന്റേണുകൾ നേരിടുന്ന സാമ്പത്തിക, സംവിധാന സൗകര്യ ലഭ്യതാക്കുറവ് വലിയ പരിധിവരെ പരിഹരിക്കാൻ കേന്ദ്ര ബഡ്ജറ്റിലെ പുതിയ നിർദ്ദേശങ്ങൾ ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്തുടനീളമുള്ള വ്യവസായ ശാലകളും സ്ഥാപനങ്ങളും ഈ ബഡ്ജറ്റ് നിർദ്ദേശത്തിന് അനുസൃതമായി യുവജനങ്ങളുടെ സമഗ്ര തൊഴിൽ നൈപുണ്യ വികസത്തിന് ഉത്തേജകമായിത്തീരുന്ന ഇന്റേൺഷിപ്പ് പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടു വന്നാൽ വികസിതഭാരതം എന്ന സങ്കൽപ്പത്തിന് അത് കൂടുതൽ കരുത്തേകും.
(ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഡയറക്ടർ ബോർഡ് ഡയറക്ടറും സി.എസ്.ആർ കമ്മിറ്റി ചെയർപേഴ്സണും കൊച്ചി സർവകലാശാല ഷിപ്പ് ടെക്നോളജി വിഭാഗം പ്രൊഫസറുമാണ് ലേഖകൻ. ഫോൺ: 93492 65677)