r
അമ്പാടിമല ഗുരുപാദം റോഡിൽ ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ഇല്ലി കൂട്ടം

ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിലെ അമ്പാടിമല ഗുരുപാദം റോഡിൽ ഉണങ്ങിയ ഇല്ലിക്കൂട്ടം റോഡിലേക്ക് ചരിഞ്ഞ് യാത്രക്കാർക്ക് യാത്രാതടസമുണ്ടാക്കുന്നു. ഇല്ലി ഒടിഞ്ഞുവീണ് റോഡിന് കുറുകെ കിടക്കുന്നതും പതിവാണ്. ഇല്ലി വെട്ടിമാറ്റാൻ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന് പരാതി സമർപ്പിച്ചിട്ട് രണ്ട് മാസം പിന്നിട്ടു. പക്ഷേ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല. 75 ഓളം കുടുംബങ്ങൾ ഗുരുപാദം റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഇല്ലി കൂട്ടത്തിൽ പടർന്നുകിടക്കുന്ന വള്ളി ബൈക്ക് യാത്രക്കാർക്ക് വൻ ഭീഷണിയാണ്. ഇല്ലിക്കൂട്ടം വെട്ടിമാറ്റാൻ തയ്യാറാകാതെ പഞ്ചായത്ത് അധികൃതർ ഉറക്കംന‌ടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് ഇല്ലിക്കൂട്ടം സ്ഥിതിചെയ്യുന്നത്.