തോപ്പുംപടി: കടലമ്മ കനിയുമെന്നും വറുതിമാറുമെന്നുമുള്ള പ്രതീക്ഷയിൽ 52 ദിവസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞ് സംസ്ഥാനത്തെ 3500ൽപ്പരം മത്സ്യബന്ധനബോട്ടുകൾ ബുധനാഴ്ച അർദ്ധരാത്രി കടലിലേക്ക് പുറപ്പെടും. അനക്കമറ്റുകിടന്ന തീരവും ഹാർബറുകളുമെല്ലാം വീണ്ടും ഉഷാറാകും. കായലോരത്തെ ഇന്ധനപമ്പുകളും പ്രവർത്തിച്ചുതുടങ്ങും. അന്യസംസ്ഥാന തൊഴിലാളികളിൽ 90 ശതമാനവും ഹാർബറുകളിൽ തിരിച്ചെത്തി. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് ഹാർബറുകളിൽ അടുപ്പിക്കാനുള്ള തിരക്കിലാണ് തൊഴിലാളികൾ. വലകളുടെയും മറ്റും അറ്റകുറ്റപ്പണികളും കഴിഞ്ഞു.
കൊച്ചി ഫിഷറീസ് ഹാർബറിൽനിന്ന് പോകുന്ന ബോട്ടുകൾ തിരിച്ച് ഹാർബർ പിടിക്കാൻ സാദ്ധ്യത കുറവാണ്. അറ്റകുറ്റപ്പണികൾ എന്ന പേരിൽ തുടങ്ങിവച്ച പ്രവൃത്തികൾ എങ്ങുമെത്താതെ കിടക്കുന്നതിനാൽ കൊച്ചിയിലെ ബോട്ടുകൾ മറ്റു ഹാർബറുകളിൽ അടുക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അതോടെ അമ്പതോളം കച്ചവടക്കാർ പെരുവഴിയിലാകും.
ഉണരും കൊച്ചി ഫിഷറീസ് ഹാർബർ
*75 പഴ്സീൻ ബോട്ടുകളും 600 ചൂണ്ട ബോട്ടുകളും നൂറോളം ഗിൽനെറ്റ് ബോട്ടുകളുമാണ് കൊച്ചി ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.
* ഹാർബറിൽനിന്ന് പോകുന്ന ബോട്ടുകൾ കരിക്കാടി ചെമ്മീനുമായി പിറ്റേദിവസം തിരിച്ചെത്തും. കണവ, കൂന്തൽ തുടങ്ങിയ മീനുകളുമായി ഒരാഴ്ച കഴിഞ്ഞേ ഇവർ എത്തുകയുള്ളൂ.
* തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മന്ത്രിതലത്തിൽ ഇതുവരെ യോഗമൊന്നും വിളിച്ചിട്ടില്ല. എന്നാൽ ആമ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ രണ്ടായിരത്തോളം മത്സ്യബന്ധന ബോട്ടുകൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൊളിച്ച് ആക്രിവിലക്ക് വിറ്റു. കഴിഞ്ഞവർഷംമാത്രം 500 എണ്ണം പൊളിച്ചു വിറ്റു.
ജോസഫ് സേവ്യർ കളപ്പുരക്കൽ,
ബോട്ടുടമ അസോസിയേഷൻ