വൈപ്പിൻ: സി.ആർ.ഇസഡ് ഇളവുകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സി.ആർ.ഇസഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വൈപ്പിൻ - മുനമ്പം സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ രാവിലെ 7.45ന് എടവനക്കാട് വാച്ചാക്കലിൽ ഉപരോധിക്കാൻ ഇറങ്ങിയ മുപ്പതോളം പേരെ ഞാറക്കൽ സി.ഐ സുനിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കി. ആക്ഷൻ കൗൺസിലിൽ കൺവീനർ ഇ.കെ. സലിഹരൻ, ബേസിൽ മുക്കത്ത്, റിട്ട. മേജർ കെ.എസ്. സലി എന്നിവർ സമരത്തിന് നേതൃത്വം നൽകി. ആക്ഷൻ കൗൺസിൽ പ്രവർത്തകരായിരുന്ന വാച്ചാക്കൽ ജോഷി, ചെറുപ്പുള്ളിത്തറ കേശവൻ എന്നിവരുടെ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി സമരമാരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും അതിനുള്ള അവസരം നൽകാതെ തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന് സമരക്കാർ ആരോപിച്ചു.
കടലോരം, കായൽ, പൊക്കാളി പാടങ്ങൾ, തോടുകൾ എന്നിവയ്ക്ക് സമീപം 50 മീറ്റർ പരിധിയിൽ വീട്, കെട്ടിടനിർമ്മാണങ്ങൾ അനുവദിക്കാൻ ആവില്ല എന്നാണ് തീദേശ പരിപാലന നിയമം. എന്നാൽ ചില വ്യവസ്ഥകൾക്ക് വിധേയമായി കേന്ദ്ര സർക്കാർ നിയമത്തിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. ഈ ഇളവുകൾ എടവനക്കാട് പഞ്ചായത്തിൽ പ്രബല്യത്തിലാക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം.