ഇടച്ചിറ: വാർഡ് സഭ അലങ്കോലപ്പെടുത്തിയതായി റീസർവെ ഉദ്യോഗസ്ഥനെതിരെ പരാതി. തൃക്കാക്കര നഗരസഭയിലെ ഒമ്പതാംഡിവിഷൻ കൗൺസിലൽ അബ്ദു ഷാനയാണ് ഇൻഫോപാർക്ക് പൊലീസിൽ പരാതിനൽകിയത്.
കഴിഞ്ഞ 2ന് കുഴിക്കാട്ടുമൂല മദ്രസ ഹാളിലായിരുന്നു ഗ്രാമസഭ. മുനിസിപ്പൽ ചെയർപേഴ്സൺ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രകോപനപരമായി ഇടപെട്ട് പ്രസംഗം നിറുത്തിക്കാൻ ശ്രമിക്കുകയും ഇത് ചോദ്യംചെയ്ത കൗൺസിലറെ പരസ്യമായി കൈയേറ്റം ചെയ്തുവെന്നുമാണ് പരാതി.
ഇടച്ചിറ ഭാഗത്ത് വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി ബി.എൽ.ഒ ആയി ജോലിചെയ്തിരുന്ന ഇയാൾക്കെതിരെ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തതിലെ വൈരാഗ്യമാണ് ഗ്രാമസഭാ യോഗം അലങ്കോലപ്പെടുത്തുന്നതിലേയ്ക്ക് എത്തിയതെന്ന് പരാതിയിൽ പറയുന്നു. വാർഡിൽ ഏകപക്ഷീയമായി പല കാര്യങ്ങളിലും ബി.എൽ.ഒ തീരുമാനമെടുത്തതാണ് കളക്ടർക്ക് പരാതി നൽകാൻ ഇടയാക്കിയതെന്ന് അബ്ദു ഷാന പറഞ്ഞു. വാർഡുസഭ അലങ്കോലപ്പെടുത്തിയതിനാൽ സ്ത്രീകളടക്കം സഭയിൽ പങ്കെടുക്കാതെ പോവുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത ഇയാൾക്കെതിരെ സർക്കാർ തല നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.